കഠ്‌വ പീഡനം: പ്രക്ഷോഭങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച അഭിഭാഷകനെതിരെ കേസ്‌

കശ്മീര്‍: കഠ്‌വ പീഡനക്കേസിലെ ഇരയ്ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച അഭിഭാഷകനും ആക്ടിവിസ്റ്റുമായ ത്വാലിബ് ഹുസൈനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലിസ് കേസെടുത്തു. ഭാര്യ നുസ്രത്ത് ബീഗത്തെ ത്വാലിബ് മര്‍ദിക്കുന്നുവെന്ന അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശബ്‌നം ഷെയ്ഖ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2015ലാണ് ത്വാലിബ് നുസ്രത്തിനെ വിവാഹം കഴിക്കുന്നത്. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. നുസ്രത്ത് ബീഗവും മക്കളും കുറച്ച് നാളുകളായി ഇവരുടെ പിതാവ് മുഹമ്മദ് ത്വാഹിറിനോടൊപ്പമാണ് താമസം. സ്ത്രീധനത്തിന്റെ പേരില്‍ ത്വാലിബ് ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലിസ് നടപടി. നുസ്രത്തിന്റെ മൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്താനാണ് പോലിസ് നീക്കം. തുടര്‍ന്ന് ഗാര്‍ഹികപീഡനം, സ്ത്രീധനം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ത്വാലിബിനെതിരേ കേസെടുക്കാനാണ് പോലിസ് ശ്രമിക്കുന്നത്. നുസ്രത്തിനെ ഭീഷണിപ്പെടുത്തിയതിന് ത്വാലിബിന്റെ സഹോദരനെതിരേയും കേസുണ്ട്.

RELATED STORIES

Share it
Top