കഠ്‌വ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍, സന്ദേശം കാര്യമാക്കിയില്ല; നേരിട്ട് കണ്ടപ്പോള്‍ അധികൃതര്‍ ഞെട്ടി

മലപ്പുറം: കേരള ചരിത്രത്തില്‍ ഇന്നേവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവകാശപ്പെടാനില്ലാത്ത കൂട്ടായ്മയിലൂടെ മലബാറിലെ യുവാക്കള്‍ റോഡും മറ്റും നിശ്ചലമാക്കിയപ്പോള്‍ അധികൃതര്‍ ഞെട്ടി. യാത്രക്കാരും മറ്റും കടുത്ത ദുരിതം പേറേണ്ടിവന്നു.
കഠ്‌വ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ രണ്ടുദിവസം മുമ്പാണ് ഹര്‍ത്താലിനായി അജ്ഞാത സന്ദേശം പ്രചരിക്കുന്നത്. ഈ ഹര്‍ത്താല്‍ എന്റെ മാപ്പപേക്ഷയാണ്. ഇത് ആഹ്വാനം ചെയ്യാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമില്ല. ഈ കുറിപ്പ് എന്റേതാണ്. എന്റെ രക്തമാണിത് തുടങ്ങിയവയാണ് സന്ദേശത്തിന്റെ അവസാന വാചകം. എന്നാല്‍, ഇതിലൊന്നും ഒരാളുടെയും പേരോ വിലാസമോ ഉണ്ടായിരുന്നില്ല. ഇതിന്റെ പിന്‍ബലത്തിലാണ് യുവാക്കള്‍ ഒരുമിച്ചത്. മൂന്നുദിവസത്തിനകം ലക്ഷക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തത്. ഹര്‍ത്താലിനു മുന്നോടിയായി യുവാക്കളുടെ പ്രകടനം പലയിടങ്ങളിലും നടന്നിരുന്നു. ഇതൊന്നും പോലിസും ഇന്റലിജന്‍സും കാര്യമാക്കിയില്ല.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയില്ലാത്ത ഹര്‍ത്താലില്‍ ആരും ഗതാഗതം തടയില്ലെന്നും വിജയിക്കില്ലെന്നും അധികൃതര്‍ കരുതിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത റോഡ് തടയലും കല്ലേറും നടന്നത്. അതുവരെ ഹര്‍ത്താലിനെ അവഗണിച്ച പോലിസും മറ്റും പിന്നീട് ജാഗരൂകരായി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയില്ലാത്തതിനാല്‍ യുവാക്കള്‍ പോലിസുമായി ഏറ്റുമുട്ടാനൊന്നും ശ്രമം നടത്താതെ പിന്‍വാങ്ങി. പോലിസെത്തും മുമ്പാണ് പലയിടത്തും അക്രമവും വഴിതടയലും നടന്നത്.
ഗ്രാമഗ്രാമാന്തരങ്ങളില്‍ നൂറുകണക്കിനു യുവാക്കളുടെ പ്രകടനങ്ങളാണു നടന്നത്. പ്രകടനത്തില്‍ ആര്‍എസ്എസിനും സംഘപരിവാരത്തിനുമെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ചിലര്‍ ഹര്‍ത്താലിന്റെ ഉദ്ദേശ്യത്തെ അനുകൂലിച്ചെങ്കിലും വഴിതടയലും കല്ലേറും നേരിടേണ്ടിവന്നതോടെ ഹര്‍ത്താലിനെ വിമര്‍ശിച്ചു. ഹര്‍ത്താല്‍ വ്യാജ പ്രചാരണമാണെന്നും നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചിരുന്നെങ്കിലും വിഷു അവധിയായത് പോലിസിന്റെ ആള്‍ബലം കുറച്ചു.
ഓരോ പ്രദേശത്തും യുവാക്കളുടെ പ്രകടനം അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഞെട്ടിച്ചു. ഓരോ പാര്‍ട്ടികളും ഹര്‍ത്താലിനു പിന്നില്‍ തങ്ങളില്ലെന്ന് വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഈ സന്ദേശങ്ങളൊക്കെ യുവാക്കള്‍ പുച്ഛിച്ചുതള്ളുകയായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന അക്രമസംഭവത്തില്‍ നൂറുകണക്കിന് യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top