കഠ്‌വ കേസിലെ പ്രതികള്‍ക്കായി രംഗത്തിറങ്ങിയയാള്‍ ബിജെപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാനിറങ്ങിയ നേതാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. വിജയ് ശര്‍മയാണു ഹിരാനഗറില്‍ നിന്ന് മല്‍സരിക്കുന്നത്.
പ്രതികളെ രക്ഷിക്കാനിറങ്ങിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ശര്‍മയെ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു. അതിനു പകരമായാണ് ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ ശര്‍മയായിരിക്കും ചെയര്‍മാന്‍. ഈ മാസം 10നാണു ഹിരാനഗറില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്. 11ാം വാര്‍ഡിലാണ് ശര്‍മ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സത്പാലും സ്വതന്ത്രനായ വിനോദ് കുമാറുമാണ് എതിരാളികള്‍. തനിക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലായിരുന്നെങ്കിലും പാര്‍ട്ടി നിര്‍ബന്ധിച്ച് മല്‍സരിപ്പിക്കുകയാണെന്ന് ശര്‍മ പറഞ്ഞു.
എന്നെ പാര്‍ട്ടി പദവിയില്‍ നിന്ന് മാത്രമാണ് നീക്കിയിട്ടുള്ളത്. ഇപ്പോഴും പാര്‍ട്ടി അംഗമാണെന്നും ശര്‍മ പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ശര്‍മയെ ഹിരാനഗര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരി—പ്പിക്കാനും ബിജെപി തീരുമാനമുണ്ട്. നിലവില്‍ ദലിത് സംവരണ മണ്ഡലമാണ് ഹിരാനഗര്‍.
അടുത്ത തിരഞ്ഞെടുപ്പില്‍ മണ്ഡലം ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും. കഠ്‌വ കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള പ്രകടനത്തിനും മറ്റും നേതൃത്വം കൊടുത്തതിലൂടെ കുപ്രസിദ്ധനായ ആളാണു ശര്‍മ.

RELATED STORIES

Share it
Top