കഠ്‌വയില്‍ നിന്ന് കസൂറിലേക്കുള്ള ദൂരം

ഇ  ജെ  ദേവസ്യ
ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയാവുന്നവരുടെ പേര്, വിലാസം, കുടുംബവിവരം, സ്‌കൂള്‍വിവരം എന്നിവ മാത്രമല്ല, അയല്‍പക്കത്തെക്കുറിച്ചുള്ള വിവരം പോലും വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാവുന്നു. ഇര മരിച്ചാലും പേരു വെളിപ്പെടുത്തിക്കൂടാ. മരിച്ചവര്‍ക്കും അന്തസ്സുണ്ട്. ആയതിനാല്‍ ജമ്മുവിലെ പെണ്‍കുട്ടിയെ കഠ്‌വ ബാലിക എന്നു മാത്രം പരിചയപ്പെടാം. അയല്‍പക്ക രാജ്യത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത് കുറ്റകരമല്ലാത്തതിനാല്‍ പാകിസ്താനെയും ആ രാജ്യത്തെ കസൂര്‍ ജില്ലക്കാരിയായ സൈനബ് അന്‍സാരിയെയും പരാമര്‍ശിക്കുന്നു. കഠ്‌വ ബാലികയുടെ നേരറിയാന്‍ അവളുടെ കഥയേക്കാള്‍ ഉചിതമാവുന്നത് സൈനബ് അന്‍സാരിയുടെ ഉപകഥയാണ്.അവിദഗ്ധരായ സര്‍ജന്‍മാര്‍ വേര്‍പെടുത്തിയ സിയാമീസ് ഇരട്ടകളില്‍ കാണുന്നപോലെ മായ്ക്കാനാവാത്ത വടുക്കളുള്ള രണ്ടു മാതൃരാജ്യങ്ങളില്‍ പിറന്ന അവര്‍ തമ്മില്‍ സാമ്യതകളേറെ. രണ്ടുപേരും മുസ്‌ലിം പെണ്‍കുട്ടികളായി ജനിച്ചു. കൊല്ലപ്പെടുമ്പോള്‍ രണ്ടുപേര്‍ക്കും എട്ടു വയസ്സായിരുന്നു. എന്താണു സംഭവിക്കുന്നതെന്ന് അറിയുകയോ ചിന്തിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യാനാവാത്ത ബാല്യത്തില്‍, ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളായി ഒരേ വേദന അനുഭവിച്ച് അടുത്തടുത്ത ദിവസങ്ങളിലായി രണ്ടുപേരും ഇല്ലായ്മ ചെയ്യപ്പെട്ടു. സൈനബ് അന്‍സാരി കഴിഞ്ഞ ജനുവരി 4നാണ് കൊല്ലപ്പെട്ടതെങ്കില്‍ ജനുവരി 10നാണ് കഠ്‌വ ബാലിക കൊല ചെയ്യപ്പെടുന്നത്. കാണാതായി നാലു ദിവസം കഴിഞ്ഞപ്പോള്‍ സൈനബ് അന്‍സാരിയുടെ മൃതദേഹം നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നു കണ്ടെടുത്തു. തിരോധാനത്തിന്റെ ഏഴാംനാള്‍ കഠ്‌വ ബാലികയുടെ തല ചതഞ്ഞ ദേഹം രസ്‌ന ഗ്രാമത്തിലെ വനത്തില്‍ കണ്ടെത്തി. അവര്‍ക്കുണ്ടായിരുന്ന സാമ്യത ഇവിടെ തീരുകയാണ്. മരണശേഷം അവരവരുടെ മാതൃരാജ്യങ്ങളില്‍ അവര്‍ പരിഗണിക്കപ്പെട്ടതിലെ വൈരുധ്യം സംഭവം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ലോക മനസ്സാക്ഷി ബോധപൂര്‍വം ചര്‍ച്ച ചെയ്യാതെ വിടുന്നു.സൈനബ് അന്‍സാരിയുടെ രാജ്യത്തെ പൗരന്‍മാര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. തീവ്രവാദത്തിന്റെയും പട്ടാള അട്ടിമറികളുടെയും അധികാര വടംവലിയുടെയും പേരില്‍ എന്നും അപവാദം മാത്രം ഏറ്റുവാങ്ങിയിട്ടുള്ള ആ രാജ്യം ഒരു എട്ടുവയസ്സുകാരിയുടെ നീതിക്കുവേണ്ടി തെരുവില്‍ ഒരൊറ്റ ഹൃദയമായി നിന്നു തുടിക്കുന്നത് ലോകം അമ്പരപ്പോടെയായിരുന്നു നോക്കിനിന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കൊടിത്തണല്‍ തേടാതെ സ്വയം ഹര്‍ത്താല്‍ പ്രഖ്യാപിച്ച്് തെരുവിലിറങ്ങിയ ജനം കസൂര്‍ പോലിസ് സ്‌റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഇരച്ചുകയറി. അവരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിന്‍മാറാന്‍ തയ്യാറാവാത്ത ആള്‍ക്കൂട്ടത്തിനു നേര്‍ക്ക് വെടിവച്ചു. രണ്ടുപേര്‍ മരിച്ചുവീണിട്ടും ജനം ശാന്തരായില്ല. 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധം കസൂര്‍ ജില്ല വിട്ട് രാജ്യമാകെ അലയടിക്കാന്‍ തുടങ്ങി. അവിടത്തെ മാധ്യമങ്ങളും സിനിമാ-ക്രിക്കറ്റ് താരങ്ങളും ആ ജനതയ്‌ക്കൊപ്പം നിന്നു. ദേശീയചാനലായ സമാ ടിവിയില്‍ കിരണ്‍ നാസ് എന്ന വാര്‍ത്താ അവതാരക സ്വന്തം മകളെ മടിയിലിരുത്തി, ഇന്നു ഞാന്‍ വാര്‍ത്താ അവതാരകയായല്ല, ഒരുപെണ്‍കുഞ്ഞിന്റെ അമ്മയായാണ് നിങ്ങളുടെ മുന്നിലിരിക്കുന്നതെന്ന ആമുഖത്തോടെ വാര്‍ത്ത വായിച്ച് രാജ്യത്തെ പെണ്‍മക്കളുള്ള അമ്മമാരുടെ നെഞ്ചിടിപ്പ് ലോകത്തിനു കേള്‍പ്പിച്ചുകൊടുത്തു. സ്ഥാനഭ്രഷ്ടനായിരുന്നിട്ടും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, കസൂര്‍ ജില്ല ഉള്‍പ്പെടുന്ന പഞ്ചാബ് പ്രവിശ്യ ഭരിക്കുന്ന മുഖ്യമന്ത്രി കൂടിയായ അനുജന്‍ ഷഹബാസ് ശരീഫിനോട് എത്രയും പെട്ടെന്നു പ്രതികളെ പിടികൂടാന്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ തന്നെ നൊമ്പരമായി മാറിയ ആ പെണ്‍കുട്ടിക്കുവേണ്ടി രാജ്യത്തെ ജനത നിന്നു ജ്വലിക്കുന്നത് കാണാതിരിക്കാന്‍ ഭരണകൂടത്തിനായില്ല. പോലിസ് ശക്തമായ അന്വേഷണം ആരംഭിച്ചു. പ്രതികളെന്നു സംശയിക്കുന്ന ആയിരത്തോളം പേര്‍ നാലു ദിവസത്തിനുള്ളില്‍ കസ്റ്റഡിയിലായി. അത്രയും പേര്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയരാക്കപ്പെട്ടു. ഒടുവില്‍ കസൂറില്‍ തന്നെയുള്ള ഇമ്രാന്‍ അലി എന്ന 24കാരനില്‍ അന്വേഷണം ചെന്നുനിന്നു. അയാള്‍ അറസ്റ്റിലായതോടെ സൈനബിന്റേതു മാത്രമല്ല, സമാന സാഹചര്യത്തില്‍ ആ ഗ്രാമത്തില്‍ നിന്നു കാണാതായ 11 പെണ്‍കുട്ടികളുടെ മരണത്തിനു കൂടി ഉത്തരവാദിയായ ഒരു പരമ്പരകൊലയാളിയെ നീതിപീഠത്തിനു മുന്നിലെത്തിക്കാന്‍ പോലിസിനു സാധിച്ചു. സംഭവം നടന്നതിന്റെ 43ാം ദിവസം, അതായത് ഫെബ്രുവരി 16ന്, ലാഹോറിലെ തീവ്രവാദവിരുദ്ധ കോടതി രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാലേനാലു ദിവസത്തെ വിചാരണയോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. ഒന്നല്ല; കുട്ടിയെ തട്ടിക്കൊണ്ടുപോവല്‍, പ്രകൃതിവിരുദ്ധ പീഡനം, കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ വിധിച്ചത് നാലു വധശിക്ഷയാണ്. ഇതിനു പുറമെ ജീവപര്യന്തം തടവ്, ഏഴു വര്‍ഷം തടവ്, 32 ലക്ഷം രൂപ പിഴ എന്നിവയും ശിക്ഷയായി വിധിച്ചു. എന്നാല്‍ ജനിതകഘടനയില്‍ തന്നെ മതേതരത്വമുണ്ടെന്ന് അവകാശപ്പെടുന്ന, ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ ലോകത്തിനു മാതൃകയെന്ന് ഊറ്റംകൊള്ളുന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ കഠ്‌വ ബാലികയുടെ ഇന്ത്യയില്‍ എന്തായിരുന്നു സംഭവിച്ചത്്? കൊല നടന്ന് മൂന്നു മാസവും മൂന്നു ദിവസവും കഴിഞ്ഞ് വിഷയം സാമൂഹികമാധ്യമങ്ങളില്‍ ഉരുള്‍പൊട്ടലായപ്പോള്‍ ഏപ്രില്‍ 14ന് അവളുടെ പ്രധാനമന്ത്രി പ്രതികരിച്ചു! രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോവുന്നില്ലെന്നും ഇത്തരം സംഭവങ്ങള്‍ സംസ്‌കാരമുള്ള ജനതയ്ക്കു ചേര്‍ന്നതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ സുഭാഷിതം. ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നിശ്ചയമായും നീതി ലഭിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പിറകെ പ്രതികരിച്ചത്. എന്നാല്‍ ഇവരാരും ഉന്നയിക്കാതിരിക്കുന്ന ഒരു കാര്യമുണ്ട്. ആ മുസ്‌ലിം പെണ്‍കുട്ടിക്കു നീതി ഉറപ്പാക്കണമെന്ന രാഷ്ട്രീയ ആവശ്യമാണത്. ആ കുടുംബത്തിനല്ല, അവളുടെ വംശത്തിന് നീതി ഉറപ്പാക്കാനാവുമോ എന്നാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കേണ്ടത്. കൊലചെയ്യപ്പെടാനുള്ള ഏകകാരണം അവളൊരു മുസ്‌ലിമായതു മാത്രമാണെന്ന് കേസിന്റെ ചുരുങ്ങിയകാല നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ ഏതു കുട്ടിക്കും ബോധ്യമാവും. കാമവെറി പൂണ്ട ഒരുവനായിരുന്നു സൈനബ് അന്‍സാരിയെ കൊന്നതെങ്കില്‍ കഠ്‌വ ബാലികയെ കൊന്നത് ഒരു വ്യവസ്ഥയായിരുന്നു. ബലാല്‍സംഗം അതിനുള്ള ഒരു പരമ്പരാഗത മുറയും ലൈംഗികത അതിനുള്ള ഊര്‍ജവും ലൈംഗികാവയവങ്ങള്‍ കുന്തമോ ശൂലമോ പോലെ അതിനുള്ള പഴയ പലതില്‍ ഒരായുധവും മാത്രമായിരുന്നു. സാങ്കേതികവും ശാരീരികവുമായി കേവലവല്‍ക്കരിക്കുന്ന ഇന്‍ക്വസ്റ്റിലും എഫ്‌ഐആറിലും മാത്രമേ അതൊരു ബലാല്‍സംഗക്കൊല ആവുന്നുള്ളൂ. മറിച്ച്, ചരിത്രപരവും രാഷ്ട്രീയപരവുമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ അതൊരു വംശീയ ഉന്‍മൂലനമായിരുന്നു. ഇന്ത്യയില്‍ ഇനിയുമെത്രയോ സംഭവിക്കാന്‍ സാഹചര്യമുള്ള വികേന്ദ്രീകൃത വംശഹത്യയുടെ ലക്ഷണമൊത്ത തുടര്‍ച്ചകളില്‍ ഒന്നു മാത്രമായിരുന്നു അത്. പൂഞ്ചിലോ നെല്ലിയിലോ ഗോധ്രയിലോ നരോദാപാട്യയിലോ അങ്ങ് മ്യാന്‍മറിലോ ഫലസ്തീനിലോ നിന്ന് ഇന്നലെകളില്‍ ചരിത്രം കേട്ട കൂട്ടക്കരച്ചിലുകളുടെ ഏകാംഗബലഹീനമായ തുടര്‍ച്ചയായിരുന്നു ആ ക്ഷേത്രമുറ്റത്ത് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ പെരുന്നാളിനു തലേന്ന്, ഓടുന്ന ട്രെയിനില്‍ വച്ചു കരളില്‍ കത്തി കയറിയപ്പോള്‍ ജുനൈദ് എന്ന 16കാരന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ 'അല്ലാഹ്' വിളിയാണ് അപ്രതീക്ഷിതമായ ഒരിടത്തുകൂടി ശരീരം പിളര്‍ന്നപ്പോള്‍ ആ എട്ടുവയസ്സുകാരി പൂരിപ്പിക്കാന്‍ ശ്രമിച്ചത്. അതുതന്നെയാണ് ബദ്ര്‍ യുദ്ധത്തിന്റെ വാര്‍ഷികനാളില്‍, ഈ റമദാന്‍ 16ന് ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയുണ്ട നെഞ്ചിലേറ്റപ്പോള്‍ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകയായിരുന്ന റസാല്‍ അല്‍ നജ്ജാര്‍ ഉച്ചരിക്കാന്‍ ശ്രമിച്ച് മരിച്ചുവീണതെന്നു കൂടി മനസ്സിലാക്കുമ്പോഴേ കഠ്‌വയിലെ നിലവിളിയും ചോരയും ചരിത്രത്തിന്റേതാണെന്നു തിരിച്ചറിയാന്‍ കഴിയൂ. ഇതാ, ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ജോക്കട്ടയിലെ കാലിക്കച്ചവടക്കാരനായ ഹുസൈനബ്ബയെ പോലിസിനെ കാവല്‍ നിര്‍ത്തിയാണ് ബജ്‌രംഗ്ദള്‍ സംഘം തല്ലിക്കൊല്ലുന്നത്. അവിടെ നിന്ന് ഉയര്‍ന്നുകേട്ടതും മറിച്ചൊരു നിലവിളിയല്ല. ഞങ്ങളുടെ ആള്‍ക്കാര്‍ക്കു വധശിക്ഷ ലഭിച്ചാല്‍ നിങ്ങളെ ഓരോരുത്തരെയായി കൊന്നുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് രസാനയില്‍ നിന്ന് ഉള്ള ജീവനും കൊണ്ട് ഓടിപ്പോവും മുമ്പ് ആ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത്. ഇവിടെ ആരാണീ ഞങ്ങളും നിങ്ങളും?                   ി (അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top