കഠ്‌വക്ക് പിന്നാലെ ഉന്നാവോ പീഡനക്കേസ് പ്രതിയായ ബിജെപി എംഎല്‍എയെ പിന്തുണച്ചും റാലി

ലഖ്‌നൗ: കഠ് വ പീഡനക്കേസ് പ്രതിയെ പിന്തുണച്ച് റാലി നടത്തിയതിന് പിന്നാലെ ഉന്നാവോ പീഡനക്കേസ് പ്രതിയെ പിന്തുണച്ചും ബിജെപി റാലി. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ പിന്തുണച്ച് ഉന്നാവോ നഗര പഞ്ചായത്ത് പ്രസിഡന്റ് അനുജ് കുമാര്‍ ദിക്ഷിതിന്റെ നേതൃത്വത്തിലായിരുന്നു റാലി. ബങ്കര്‍മൗ,സാഫിപൂര്‍,ബിഘാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.കുല്‍ദീപിനെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബിജെപിയുടെ വാദം.തങ്ങളുടെ എംഎല്‍എ നിരപരാധിയാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് സ്ത്രീകളടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തത്.'തങ്ങളുടെ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു രാഷ്ട്രീയ ഗൂഢാലോചനയാണിത്. അദ്ദേഹം നിരപരാധിയാണ്. എംഎല്‍എയെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും കേസില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും' അനുജ് കുമാര്‍ ദിക്ഷിത് ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം ജൂണിലാണ് പെണ്‍കുട്ടിയെ എംഎല്‍എയും സംഘവും പീഡിപ്പിച്ചത്. എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ പോലിസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം പിന്നീട് കസ്റ്റഡിയില്‍ മരിച്ചു. എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ പിതാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

RELATED STORIES

Share it
Top