കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ഇന്നലെ ഉച്ചയോടെ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഉരുള്‍പൊട്ടലില്‍ മരിച്ച ഹസന്റെ ഭാര്യ ആസ്യ (52) യുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഇവരുടെ വീടിന് 250 മീറ്ററിലധികം താഴെനിന്നാണ് ഭൗതികശരീരം ചളിയില്‍ പൂണ്ട നിലയില്‍ കണ്ടെടുത്തത്. കരിഞ്ചോല ഉമ്മിണി അബ്ദുര്‍റഹ്മാന്‍, മകന്‍ ജാഫര്‍, ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം, കരിഞ്ചോല ഹസന്‍, ഹസന്റെ ഭാര്യ ആസ്യ, മകള്‍ നുസ്‌റത്ത്, നുസ്‌റത്തിന്റെ മക്കളായ റിഫ, റിന്‍ഷ മറിയം, ഹസന്റെ മകന്‍ റാഫിയുടെ ഭാര്യ ശംന, ഇവരുടെ മകള്‍ നിയ ഫാത്തി, ഹസന്റെ ഇളയമകള്‍ ജന്നത്ത്, കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ മുഹമ്മദ് ഷഹബാസ്, ദില്‍ന ഷെറിന്‍ എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തില്‍ കരിഞ്ചോല അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസയെ കൂടി കണ്ടെത്താനുണ്ട്. ആധുനിക സംവിധാനമായ ലാന്‍ഡ് സ്‌കാനര്‍ ഉപയോഗിച്ചു തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. തിരച്ചില്‍ ഇന്നുകൂടി നടത്തി നിര്‍ത്തിയേക്കുമെന്നറിയുന്നു. ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹം വെട്ടിയൊഴിഞ്ഞതോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

RELATED STORIES

Share it
Top