കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: നാലു പേരുടെ മൃതദേഹം കൂടി കണ്ടെത്തി മരണം 12; തിരച്ചില്‍ തുടരും

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഇന്നലെ നാലു പേരുടെ  മൃതദേഹം  കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായ കരിഞ്ചോല ഹസന്റെ മകള്‍ നുസ്‌റത്ത് (26), നുസ്‌റത്തിന്റെ മകള്‍ റിന്‍ഷ മെഹ്‌റിന്‍ (4), മുഹമ്മദ്‌റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ശനിയാഴ്ച പകല്‍ 3.30ഓടെയാണ് ഹസന്റെ വീട്ടില്‍ നിന്നു 250 മീറ്ററോളം താഴെ ചളിയില്‍ താഴ്ന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍ കരിഞ്ചോല അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസിയ എന്നിവരെ കൂടി കണ്ടെത്താനുണ്ട്. വിവിധ ഫോഴ്‌സുകളുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിന് കാരാട്ട് റസാഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്ടു നിന്നുള്ള ഡോഗ് സ്‌ക്വാഡും എത്തി. പോലിസ് നായ മണം പിടിച്ച ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഫയര്‍ഫോഴ്‌സിനെ ഉള്‍പ്പെടുത്തി 10 സംഘങ്ങള്‍ പൂനൂര്‍പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും ആഴത്തില്‍ പരിശോധന നടത്തുന്നതിനുള്ള ലാന്‍ഡ് സ്‌കാനര്‍ സംഘം ഇന്നലെ രാത്രി കൊച്ചിയിലെത്തുമെന്നും കാരാട്ട് റസാഖ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേര്‍ വീതമുള്ള രണ്ട് യൂനിറ്റുകള്‍, 280 പേരുള്ള ഫയര്‍ഫോഴ്‌സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, അമ്പതിലധികം പോലിസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തുന്നത്. ഏഴു മണ്ണുമാന്തി യന്ത്രങ്ങള്‍, പാറ പൊട്ടിക്കുന്നതിനുള്ള രണ്ടു യന്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പരിശോധന. തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു യൂനിറ്റും 200 ഫയര്‍ഫോഴ്‌സുകാരുമാണ് ഇന്നലെ ദുരന്തപ്രദേശത്ത് എത്തിയത്. ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ ആരംഭിച്ച മൂന്നു ക്യാംപുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

RELATED STORIES

Share it
Top