കട്ടിപ്പാറയ്ക്ക് സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം: കെ മുരളീധരന്‍

താമരശ്ശേരി: ഉരുള്‍പൊട്ടി 14 പേര്‍ മരണപ്പെടുകയും ഏക്കറുകണക്കിന് കൃഷിഭൂമി നശിക്കുകയും ചെയ്ത കട്ടിപ്പാറക്ക് സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെ ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത് സാധാരണ പ്രകൃതിക്ഷോഭത്തിന് നല്‍കുന്ന നഷ്ടപരിഹാരമാണ്. കട്ടിപ്പാറ ഉരുള്‍പൊട്ടി എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ഇപ്പോള്‍ അനുവദിച്ച തുക അപര്യാപ്തമാണ്. മരണപ്പെട്ടവരുടെ കുടുംബത്തിലെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കാനും അവര്‍ക്ക് ഭൂമി വാങ്ങി വീടുവച്ചുകൊടുക്കുകയും വേണം. വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണിക്കുള്ള യഥാര്‍ഥ തുക അനുവദിക്കണം. കൃഷി ഭൂമി നഷ്ടപ്പെട്ട കര്‍ഷകന് പകരം ഭൂമിയും കൃഷിയിറക്കാനുള്ള സാമ്പത്തിക സഹായവും നല്‍കണം. മലക്ക് മുകളില്‍ സ്വകാര്യ വ്യക്തി തടയണ കെട്ടിയെന്ന നാട്ടുകാരുടെ ആരോപണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.
കട്ടിപ്പാറയിലെ ദുരന്തഭൂമിയില്‍  മുഖ്യമന്ത്രി സന്ദര്‍ശിച്ച് ദുരിതബാധിരെ ആശ്വസിപ്പിക്കുകയും പാക്കേജ് അനുവദിക്കുകയും ചെയ്യേണ്ടതായിരുന്നു. കട്ടിപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ നാട്ടുകാരെയും അനുമോദിച്ച അദ്ദേഹം ദുരിതബാധിതരുടെ പ്രശ്—നങ്ങള്‍ക്ക്  അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top