കട്ടയാട് പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

വെള്ളമുണ്ട: കഴിഞ്ഞ ആറു വര്‍ഷത്തോളമായി തുടരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാത്ത കെഎസ്ഇബി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാനൂറോളം ഗുണഭോക്താക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വെള്ളമുണ്ട കെഎസ്ഇബി സെക്ഷന് കീഴിലെ കട്ടയാട്, എടത്തില്‍, പിള്ളേരി ഭാഗങ്ങളിലാണ് വോള്‍ട്ടേജില്ലാത്തതു കാരണം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ ജനം ദുരിതത്തിലായത്. രാത്രി 12 കഴിയാതെ മോട്ടോറുകള്‍ പ്രവര്‍ത്തിക്കാറില്ല. വോള്‍ട്ടേജ് കുറഞ്ഞും കൂടിയും വരുന്നതു കാരണം ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടാവുന്നതും പതിവായിട്ടുണ്ട്.
പരീക്ഷാ സമയമായിട്ട് പോലും പരാതിക്ക് പരിഹാരമില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഏഴേനാലിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് വൈദ്യുതിയെത്തുന്നത്. പ്രധാന റോഡിലെ ലൈനില്‍ നിന്ന് ഉള്‍ഭാഗത്തേക്ക് നിരവധി ഉപലൈനുകള്‍ വലിച്ചിട്ടുണ്ട്. ത്രീഫേസ് ലൈന്‍ പോലും ഇടാതെ നാനൂറിലധികം കുടുംബങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കിയിരിക്കുന്നത്. താങ്ങാവുന്നതിലും കൂടുതല്‍ കണക്ഷന്‍ ഉള്ളതാണ് വോള്‍ട്ടേജ് ക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്ന് നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് ഏഴുവര്‍ഷമായി നാട്ടുകാര്‍ നിരന്തരം പരാതി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഒരുമാസം മുമ്പും ഉപഭോക്താക്കള്‍ മുഴുവന്‍ ഒപ്പിട്ട പെറ്റീഷന്‍ നല്‍കി. എന്നാല്‍, ഓരോ പരാതി നല്‍കുന്ന സമയത്തും ഉടന്‍ പരിഹരിക്കാം എന്ന മറുപടിയല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയോ ത്രീഫേസ് ലൈന്‍ വലിക്കുകയോ ചെയ്താല്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാം.
ഇതിന് അധികൃതര്‍ തയ്യാറാവാത്തതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. അടുത്ത ദിവസം ഗുണഭോക്താക്കള്‍ യോഗം ചേര്‍ന്ന് സമരപരിപാടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

RELATED STORIES

Share it
Top