കട്ടപ്പന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ ആരംഭിക്കണം: എംപി

ചെറുതോണി: കട്ടപ്പന പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉടന്‍ ആരംഭിക്കണമെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കേരളത്തിലാകെ രണ്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഒന്ന് കട്ടപ്പനയിലും മറ്റൊന്ന് ചെങ്ങന്നൂരും.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ച് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഉത്തരവിറങ്ങിയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നത് ചൂണ്ടിക്കാണിച്ചാണ് എംപി പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്.
ഇപ്പോള്‍ 150 കിലോമീറ്ററോളം യാത്ര ചെയ്ത് കൊച്ചിയിലെ ഓഫീസില്‍ എത്തിയാണ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതെന്നും ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നും എംപി ലോക്‌സഭയില്‍ പറഞ്ഞു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
പോസ്റ്റ് ഓഫീസിന്റെ കൈവശമുള്ള കെട്ടിടം വിട്ടുകിട്ടാന്‍ കാലതാമസം ഉണ്ടാകുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഏറ്റവും വേഗം സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ചട്ടം 377 പ്രകാരമാണ് എംപി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചത്.

RELATED STORIES

Share it
Top