കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ സൗന്ദര്യരഹസ്യം ശാസ്ത്രലോകത്ത് വഴിത്തിരിവാകുന്നുകട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന മലയാളസിനിമയിലെ നായകകഥാപാത്രത്തിന് കറുത്ത നിറമാണ്. വെളുവെളുത്ത അച്ഛനമ്മമാര്‍ക്ക് കറുത്ത നിറമുള്ള മകന്‍ പിറന്നതെങ്ങിനെയെന്ന് സിനിമ വിവരിക്കുന്നുണ്ട്. ഗര്‍ഭിണിയായിരിക്കേ നായകന്റെ അമ്മ ധാരാളം ഞാവല്‍പ്പഴങ്ങള്‍ കഴിച്ചിരുന്നുവത്രേ. പലതരം പഴവര്‍ഗങ്ങള്‍ ഭര്‍ത്താവ് കൊണ്ടുവന്നുകൊടുത്തിട്ടും ഞാവല്‍പ്പഴം മാത്രം കഴിക്കാനിഷ്ടപ്പെട്ടതുകൊണ്ടാണ് മകന് ഞാവല്‍പ്പഴത്തെ ഓര്‍മിപ്പിക്കുന്ന നിറം ലഭിച്ചതെന്നാണ് കഥ. ഏതായാലും അങ്ങിനെ പിറന്ന കറുത്ത സുന്ദരന്‍ സൂപ്പര്‍സ്റ്റാര്‍ ആകുന്നതായാണ് സിനിമയില്‍ പറയുന്നത്. അമ്മ ഞാവല്‍പ്പഴം കഴിച്ചാല്‍ കുഞ്ഞിന് കറുത്ത നിറം ലഭിക്കുമോ എന്ന് ശാസ്ത്രലോകം ഇനിയും അന്വേഷിച്ചിട്ടില്ലെങ്കിലും മറ്റൊരു സുപ്രധാന കണ്ടെത്തലിലേക്ക് ഞാവല്‍പഴങ്ങളും അവയുടെ കറുപ്പു നിറവും ശാസ്ത്രജ്ഞരെ കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്.

ലോകത്തിന്റെ ഊര്‍ജക്ഷാമം പരിഹരിക്കാനുതകുന്ന സുപ്രധാന കണ്ടുപിടുത്തത്തിലേക്കാണ് ഞാവല്‍പ്പഴങ്ങള്‍ ഗവേഷകരെ വഴിതെളിച്ചത്.
ഞാവല്‍പ്പഴങ്ങളില്‍ അടങ്ങിയിട്ടുള്ള anthocyanin എന്ന വര്‍ണവസ്തു വലിയ അളവില്‍ സൂര്യപ്രകാശം വലിച്ചെടുക്കുന്നുവെന്നാണ് റൂര്‍ക്കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. സോളാര്‍ പാനലുകളുടെ നിര്‍മാണത്തിന് ഇവ ഉപയോഗപ്പെടുത്തിയാല്‍ വലിയ തോതില്‍ ചിലവ് കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ കണ്ടെത്തി.കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ നിറത്തെക്കുറിച്ചുള്ള് പ്രേക്ഷകരുടെ സംശയത്തിന് സമാനമായ ഒരു ചോദ്യം തന്നെയാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചതും. എന്തുകൊണ്ടാണ് ഞാവല്‍പ്പഴങ്ങള്‍ കറുത്തിരിക്കുന്നതെന്ന ചോദ്യം.
റുഥീനിയം അടിസ്ഥാനമാക്കിയുള്ള കൃത്രിമ വര്‍ണങ്ങളാണ് നിലവില്‍ സോളര്‍ സെല്ലുകളില്‍ ഇപ്പോള്‍  ഉപയോഗിച്ചുവരുന്നത്. ഞാവല്‍ പഴത്തില്‍ നിന്നുള്ള ആന്തൊസയനിന്‍ ഉപയോഗിച്ച് സെല്ലുകള്‍ നിര്‍മിച്ചാല്‍ 40 ശതമാനം വരെ ചിലവ് ലാഭിക്കാമെന്നാണ് കണക്കു കൂട്ടല്‍. അതായത് സിനിമയിലെ പഞ്ച് ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍, സോളാര്‍ സെല്ലുകളുടെ വില  'ഏറെക്കുറെ' പകുതിയായി കുറയ്ക്കാന്‍ ഞാവല്‍പ്പഴങ്ങള്‍ സഹായിക്കും !

RELATED STORIES

Share it
Top