കടുത്ത വരള്‍ച്ചയിലും ജില്ലയില്‍ പാലുല്‍പാദനം കൂടികല്‍പ്പറ്റ: കടുത്ത വരള്‍ച്ചയെ അതിജീവിച്ച് ജില്ലയില്‍ പാലുല്‍പാദനത്തില്‍ വര്‍ധനവ്. 2014-15 വര്‍ഷം 640.18 ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ചപ്പോള്‍ 2015-16 വര്‍ഷം 721.76 ലക്ഷമായി. 2016-17 വര്‍ഷത്തില്‍ 744.18 ലക്ഷം ലിറ്ററായി ഉല്‍പാദനം വര്‍ധിച്ചു. തീറ്റപ്പുല്‍കൃഷി വികസന പരിപാടികളില്‍ ഉള്‍പ്പെടുത്തി 130 ഹെക്റ്റര്‍ സ്ഥലത്ത് തീറ്റപ്പുല്‍ നട്ടുപിടിപ്പിച്ചു. 22.25 ലക്ഷം രൂപ കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കി. വരള്‍ച്ചയുമായി ബന്ധപ്പെട്ട് കന്നുകാലികള്‍ക്ക് തീറ്റപ്പുല്‍-വൈക്കോല്‍ എത്തിക്കുന്നതിന് ജില്ലയില്‍ 2.53 ലക്ഷം രൂപ ക്ഷീരവികസന വകുപ്പ് ചെലവഴിച്ചു. തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാനും വിതരണത്തിനുമായി 28.88 ലക്ഷം രൂപ ധനസഹായവും അനുവദിച്ചിട്ടുണ്ട്. 11.78 ലക്ഷം രൂപ ചെലവഴിച്ച് ജില്ലയിലെ പാല്‍ ഗുണനിലവാര ലാബുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. കടക്കെണിയിലായ 323 ക്ഷീരകര്‍ഷകര്‍ക്ക് 49.45 ലക്ഷം രൂപ ധനസഹായം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തേടെ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് തുകയായി 171.48 ലക്ഷം രൂപ നല്‍കി. ലിറ്ററിന് ഒരു രൂപ വീതമാണ് ഇന്‍സെന്റീവ് നല്‍കിയത്. ഈ ഇനത്തില്‍ 148.58 ലക്ഷം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. മില്‍ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി 163 മിനി ഡയറി യൂനിറ്റുകള്‍ക്ക് 117.06 ലക്ഷം രൂപ ധനസഹായം നല്‍കി. ക്ഷീര കര്‍ഷകര്‍ക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം (56 എണ്ണം), കാലിത്തൊഴുത്ത് നിര്‍മാണം (43 എണ്ണം), വിമന്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് തുടങ്ങിയ ഇനത്തില്‍ 47.36 ലക്ഷം രൂപ ധനസഹായം നല്‍കി. ക്ഷീര സഹകരണ സംഘങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 114.845 ലക്ഷം രൂപ ചെലവഴിച്ച് ഹൈജീനിക് മില്‍ക് കളക്ഷന്‍ യൂനിറ്റുകള്‍, ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, ഓട്ടോമേഷന്‍ ആന്റ് നെറ്റ്‌വര്‍ക്കിങ് പദ്ധതികള്‍ നടപ്പിലാക്കി. കാറ്റില്‍ ഫീഡിങ് സബ്‌സിഡി-മിനറല്‍ മിക്‌സ്ചര്‍ 7500 കിലോഗ്രാം ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പാല്‍ഗുണ നിയന്ത്രണശാല പദ്ധതിയില്‍ ആകെ 4.86 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് പശു മരണപ്പെട്ടതിനും കുളമ്പുരോഗം ബാധിച്ചതിനുമായി 79 പേര്‍ക്ക് 7.9 ലക്ഷം രൂപ ധനസഹായം നല്‍കി. സ്‌കൂള്‍ സ്റ്റുഡന്റ് ഡയറി ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാലെണ്ണത്തിനായി 20,000 രൂപ ചെലവഴിച്ചു.

RELATED STORIES

Share it
Top