കടുത്ത ചൂടിലും മാവുകളും കണിക്കൊന്നകളും പൂക്കുന്നു

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: കാലം തെറ്റി കടുത്ത ചൂടിലും മാവുകളും കണി ക്കൊന്നകളും പൂക്കുന്നു. ഹോര്‍മോണുകളില്‍ വരുന്ന വ്യത്യാസങ്ങളാണ് ഈ പ്രതിഭാസത്തിന്നു പുറകിലെന്ന് കാര്‍ഷിക ഗവേഷണ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പഴയ തലമുറയിലെ ആളുകള്‍ക്ക്— കൗതുകവും ആശങ്കയും സൃഷ്ടിച്ചാണു മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നത്.
വെള്ളപൊക്കം കഴിഞ്ഞ ശേഷമുള്ള കൊടും ചൂടിലാണു കാലംതെറ്റിയുള്ള ഈ പ്രവണത പ്രകടമാവുന്നത്—.സാധാരണ ഫെബ്രുവരിക്കുശേഷമാണ് മാവുകള്‍ പൂക്കുന്നത്. കണിക്കൊന്ന മാര്‍ച്ചിലും. എന്നാല്‍ ഈ മാസം ആദ്യംതന്നെ മാവുകളും കണിക്കൊന്നകളും നാട്ടില്‍ പൂത്തുതുടങ്ങി. നാടന്‍ മാവുകളും ബഡ് ഇനങ്ങളും ഒരു പോലെ പൂത്തിട്ടുണ്ട്.
മധ്യവേനലിനെ ഓര്‍മിപ്പിക്കുന്ന ചൂടിനൊപ്പം മാവുകളും കണിക്കൊന്നകളും പൂത്തതോടെ കാലാവസ്ഥാ മാറ്റത്തിന്റെ ആശങ്കയിലാണ് ജനങ്ങള്‍. പൊടുന്നനെ അന്തരീക്ഷ ഊഷ്മാവില്‍ വന്ന വര്‍ധനയാണ് ഇതിന് കാരണമെന്ന് പറയുന്നു.
ചൂടിന്റെ ആധിക്യം പുഷ്പിക്കലിന് സഹായിക്കുന്ന ഹോര്‍മോണുകള്‍ ചെടികളില്‍ കാലംതെറ്റി രൂപപ്പെടുന്നുവെന്ന് വേണം കരുതാന്‍. ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സ്ഥിരമായി സംഭവിച്ചാല്‍ വിളവിനെ മാത്രമല്ല. മാവുകളുടെ വംശനാശം വരെ സംഭവിച്ചേക്കുമെന്നാണു പറയുന്നത്.
അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാവുമെന്ന കാലാവസ്ഥ പ്രവചനം സത്യമായാല്‍ ഈ മാമ്പൂക്കള്‍ ചീഞ്ഞ്— വീണു മാങ്ങയുടെ വിളവെടുപ്പ് കുറയാനും സാധ്യതകളുണ്ട്. കാലാവസ്ഥയില്‍ വന്ന വ്യത്യാസങ്ങള്‍ കാര്‍ഷിക മേഖലകളെ ബാധിച്ചിട്ടുണ്ട്. ഒരോ സമയത്തും നല്‍കേണ്ട വളപ്രയോഗങ്ങളും പിന്നീടുള്ള വിളവെടുക്കലും ഇക്കുറി കര്‍ഷകരെയും പ്രതിസന്ധിയിലാഴ്ത്തിത്തിയിരിക്കുകയാണ്.

RELATED STORIES

Share it
Top