കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് : കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് നിലപാട് നിര്‍ണായകംകടുത്തുരുത്തി: ഇന്നു നടക്കുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സില്‍ നിന്നെത്തിയ അന്നമ്മ രാജു എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ സുധര്‍മനും മല്‍സരിക്കും. കഴിഞ്ഞമാസം 12ന് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനുമെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം ഏഴ് വോട്ടുകള്‍ക്ക് പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ഇതേ തുടര്‍ന്നാണ് ഇന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരം നടക്കുന്നത്. രാവിലെ 10.30ന് പ്രസിഡന്റ് സ്ഥാനത്തേക്കും, ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സാഹചര്യത്തില്‍ കടുത്തുരുത്തിയിലും അവരുടെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റ് കേരളാ കോണ്‍ഗ്രസ്സിലെ ലൂസമ്മ ജെയിംസായിരിക്കും മല്‍സരിക്കുക എന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ആറും, യുഡിഎഫിന് ആറും, ഒരു സ്വതന്ത്രനുമാണുള്ളത്. സ്വതന്ത്രനായി വിജയിച്ച കെ എ തോമസിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി യുഡിഎഫ് ഭരണം നടത്തുകയായിരുന്നു. ഇതില്‍ യുഡിഎഫ് ധാരണ പ്രകാരം ആദ്യത്തെ രണ്ടരവര്‍ഷം കേരളാ കോണ്‍ഗ്രസ്സും തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്സിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇതിനിടയില്‍ ഒന്നേകാല്‍ വര്‍ഷം പിന്നിട്ടപ്പോള്‍ കേരളാ കോണ്‍ഗ്രസ്സിലെ തന്നെ അന്നമ്മ രാജു പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നു. ഇവര്‍ തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കേരളാ കോണ്‍ഗ്രസ് അംഗം അന്നമ്മ രാജു അനുകൂലിക്കുകയായിരുന്നു. ഇതോടെയാണ് യുഡിഎഫ് ഭരണസമിതി പുറത്തായത്.

RELATED STORIES

Share it
Top