കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് : എല്‍ഡിഎഫ് പിന്തുണയില്‍ കേരളാ കോണ്‍ഗ്രസ് വിമത പ്രസിഡന്റ്കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ് (എം) വിമത തിരഞ്ഞെടുക്കപ്പെട്ടു. കേരളാ കോണ്‍ഗ്രസ് വിട്ടുവന്ന അന്നമ്മ രാജുവാണ് പുതിയ പ്രസിഡന്റ്. സിപിഐയിലെ ഏക അംഗം സുധര്‍മന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ഇരുവര്‍ക്കും ഏഴ് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് അധികാരത്തിലേറിയത് വിവാദത്തിനിടയാക്കിയ സാഹചര്യത്തില്‍ കടുത്തുരുത്തിയില്‍ കോണ്‍ഗ്രസ്സിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും നിലപാടുകളാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. കേരളാ കോണ്‍ഗ്രസ്സിനെ പിന്തുണയ്‌ക്കേണ്ടെന്ന് ഡിസിസി നിര്‍ദേശിച്ചതിനാല്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, മല്‍സരിക്കാനായിരുന്നു കേരളാ കോണ്‍ഗ്രസ്സിന്റെ തീരുമാനം. കേരളാ കോണ്‍ഗ്രസ്സിലെ ലൂസമ്മ ജെയിംസ് പ്രസിഡന്റ് സ്ഥാനത്തേക്കും സ്വതന്ത്ര അംഗം കെ എ തോമസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മല്‍സരിച്ചത്. ഇവര്‍ക്ക് നാല് വോട്ടുകള്‍ വീതം ലഭിച്ചു. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎമ്മിന് അഞ്ചും സിപിഐയ്ക്ക് ഒന്നും കേരളാ കോണ്‍ഗ്രസ്സിന് നാലും കോണ്‍ഗ്രസ്സിന് രണ്ടും സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ അന്നമ്മ രാജു ഒപ്പം കൂടിയതോടെ എല്‍ഡിഎഫിന്റെ കക്ഷിനില ഏഴായി വര്‍ധിച്ചു. നേരത്തേ സ്വതന്ത്രനായി വിജയിച്ച കെ എ തോമസിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് പ്രസിഡന്റ് ലൂസമ്മ ജെയിംസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഭരണം നടത്തിവന്നിരുന്നത്. കഴിഞ്ഞമാസം 12ന് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ കേരളാ കോണ്‍ഗ്രസ്സിലെ അന്നമ്മ രാജു അനുകൂലിക്കുകയും ഏഴ് വോട്ടുകള്‍ക്ക് പാസാവുകയും ചെയ്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ഇതെത്തുടര്‍ന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരം വേണ്ടിവന്നത്. രാവിലെ 11ന് പ്രസിഡന്റ് സ്ഥാനത്തേക്കും, ഉച്ചയ്ക്ക്് 2ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പു നടന്നത്. ഡെപ്യൂട്ടി കലക്ടര്‍ ശാന്തി എലിസബത്ത് തോമസായിരുന്നു വരണാധികാരി.

RELATED STORIES

Share it
Top