കടിയങ്ങാട് പച്ചിലക്കാട്ട് കിണറ്റില്‍ വെള്ളമുയര്‍ന്നു

പേരാമ്പ്ര: കടിയങ്ങാട് പച്ചിലക്കാട് ചാലില്‍ ബാബുവിന്റെ വീട്ടുകിണറ്റില്‍ തനിയെ വെള്ളമുയരുന്നു. ഇന്നലെ കാലത്ത് പത്ത് മണിയോടെയാണ് വെള്ളമുയരുന്നത് ശ്രദ്ധയില്‍ പെട്ടത്. പൊതുവെ ജലക്ഷാമമുള്ള പ്രദേശമാണ് പച്ചിക്കാട് ഉള്‍പ്പെടുന്ന കരിങ്കണ്ണിക്കുന്ന്. ഇവിടെ അടുത്തുള്ള വീടുകളിലേക്ക് വെള്ളമെടുക്കുന്നത് ബാബുവിന്റെ കിണറില്‍ നിന്നാണ്.
വേനല്‍കാലങ്ങളില്‍ വെള്ളം മുഴുവനായി വറ്റാറില്ലങ്കിലും ബക്കറ്റ് മുങ്ങാനുള്ള വെള്ളം മാത്രമുള്ള കിണറിലാണ് വെള്ളം ഉയര്‍ന്നത്. ബാബുവിന്റെ ഭാര്യ സുഗില കാലത്ത് എട്ട് മണിക്ക് വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ കിണറില്‍ കുറച്ച് വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പത്തു മണിയോടെ വീണ്ടും  എത്തിയപ്പോള്‍ കിണറിനകത്ത് വെള്ളം വര്‍ദ്ധിച്ചതായും കീങ്ങിയതായും കണ്ടു. അയല്‍ക്കാരെ വിവരമറിയിച്ച് അവര്‍കൂടി എത്തി പരിശോധിച്ചപ്പോഴാണ് ഒരു പ്രത്യേക ശബ്ദത്തോടെ വെള്ളം കൂടി വരുന്നതായ് കണ്ടെത്. പാറ പ്രദേശത്തുള്ള എണ്‍പത് വര്‍ഷത്തിലേറെ പഴക്കം കരുതുന്ന കിണറിന് പത്ത് കോല്‍ ആഴമുണ്ട്.
സമീപത്തെ മറ്റ് കിണറുകളിലൊന്നും വെള്ളത്തിന്റെ വിതാനത്തിന് യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. ഇന്ന് പുര്‍ച്ചക്ക് പ്രദേശത്ത് ശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നു. ഇത് കൊണ്ട് പാറകള്‍ക്ക്  സംഭവിച്ച വിള്ളലുകളാണോ  ജലലഭ്യതക്ക് കാരണമെന്ന് നാട്ടുകാര്‍ അഭിപ്രായമുന്നയിക്കുന്നു. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ കിണര്‍ കാണാന്‍ പച്ചിലക്കാടേക്ക് എത്തിക്കൊണ്ടിരുന്നു. ഉച്ചയോടെ പുതുതായി കണ്ട ഉറവയില്‍ നിന്ന് വെള്ളം വരുന്നത് നിലച്ചു.

RELATED STORIES

Share it
Top