കടവരാന്തയില്‍ അജ്ഞാതന്‍ മരിച്ച സംഭവം: പ്രതി അറസ്റ്റില്‍

വടകര: കുഞ്ഞിപ്പളളി ടൗണില്‍ കടവരാന്തയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ച സംഭവത്തിലെ പ്രതിയെ പിടികൂടി. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി കുമാര്‍ (30) ആണ് പിടിയിലായത്. സപ്തംബര്‍ 17ന് രാത്രി ചോരവാര്‍ന്ന് അബോധാവസ്ഥയിലായ ആളെ പിറ്റേന്ന് കാലത്ത് നാട്ടുകാരാണ് കണ്ടെത്തിയത്. ആദ്യം വടകര ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ചികില്‍സയിലിരിക്കെ 28ന് ഇയാള്‍ മരിക്കുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചെവിട്ധ് മര്‍ദനമേറ്റതിന്റെ പാടുണ്ടായിരുന്നതായും ആന്തരിക രക്ത സ്രാവം കൊണ്ടാണ് മരിച്ചതെന്നും പറയുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഇയാള്‍ കിടന്നുറങ്ങിയ കട വരാന്തയില്‍ നേരത്തെ സ്ഥിരമായി കാണാറുള്ള തമിഴ്‌നാട് സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. കൂടാതെ പോലീസിന്റെ കൈവശമുശളള നിരീക്ഷണത്തിലുളള കുറേ പേരുടെ ഫോട്ടോകള്‍ പരിസരവാസികള്‍ക്ക് കാണിച്ചപ്പോള്‍ പ്രതിയെ കുറിച്ച് വ്യക്ത വന്നു. ഇതോടെ പ്രതി കുമാറിന് വേണ്ടിയുള്ള തിരച്ചിലിനിടയില്‍ മാഹി ബാറിനടുത്ത് വച്ച് പോലീസ് കുമാറിനെ പിടികൂടുകയായിരുന്നു.
കടവരാന്തയില്‍ കിടക്കുന്നതിലും മരിച്ചയാളുടെ കൈയ്യിലെ മദ്യം കൊടുക്കാത്തതിലുമുളള തര്‍ക്കത്തെ തുടര്‍ന്ന് തമ്മില്‍ കൈയ്യേറ്റം നടന്നതായും ഇതിനിടയില്‍ പ്രതിയുടെ ശരീരത്തിലുണ്ടായിരുന്ന തുന്നിയ മുറിവില്‍ തട്ടി രക്തം വന്നതായും ഇയാള്‍ പറഞ്ഞു. ഇതിലുള്ള ദേഷ്യം കൊണ്ട് കല്ലെടുത്ത് തലക്ക് ഇടിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top