കടവത്തൂരില്‍ ജലവിഭവ വകുപ്പിന്റെ സ്ഥലത്ത് അനധികൃത കെട്ടിടം

പാനൂര്‍: ജലവിഭവ വകുപ്പിനു കീഴിലുള്ള പഴശ്ശി പദ്ധതിയുടെ സ്ഥലം കൈയേറി കടവത്തൂരിലെ പച്ചക്കറി ക്ലസ്റ്റര്‍ എന്ന സംഘടന കെട്ടിടം പണിതതായി ആരോപണം. ഇതുസംബന്ധിച്ച് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന ജേയിന്റ് സെക്രട്ടറി ഇ മനീഷ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കടവത്തൂര്‍-കല്ലിക്കണ്ടി റോഡില്‍ ഐഡിയല്‍ വായനശാലയ്ക്ക് സമീപത്തെ കനാല്‍ പുറമ്പോക്കിലാണ് ഒറ്റമുറി നിര്‍മിച്ചത്.
കൃഷിവകുപ്പിന്റെ മാതൃകാ പദ്ധതിയായ ഇക്കോ ഷോപ്പ് തുടങ്ങാന്‍ വേണ്ടിയാണിത്. സംസ്ഥാനത്തെ മിക്ക തദ്ദേശസ്ഥാപനങ്ങളിലും ഇക്കോ ഷോപ്പുകള്‍ ആരംഭിക്കുന്നുണ്ട്. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഇടതുപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളായ പച്ചക്കറി ക്ലസ്റ്ററിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കൃഷി ഓഫിസര്‍ മുഖേന 75,000 രൂപ സബ്‌സിഡി അനുവദിച്ചു. താല്‍ക്കാലിക സ്റ്റാള്‍ നിര്‍മിക്കാന്‍ യുഡിഎഫ് ഭരിക്കുന്ന ഭരണസമിതിയും അനുവാദം നല്‍കി. എന്നാല്‍ ജലവിഭവ വകുപ്പിനോട് ആലോചിക്കാതെയാണ് അവരുടെ ഭൂമിയില്‍ മാറ്റാന്‍ പറ്റാത്ത നിലയിലുള്ള കെട്ടിടം പണിതത്.
കല്ലുകൊണ്ട് തറകെട്ടി കോണ്‍ക്രീറ്റ് ഉപയോഗിച്ച് കമ്പികള്‍ ഉറപ്പിച്ച് ഷട്ടര്‍ ഘടിപ്പിച്ചിരിക്കുന്നു. അനധികൃത കെട്ടിടനിര്‍മാണത്തിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് ആരോപണം. എന്നാല്‍, ജലവിഭവ വകുപ്പിന്റെ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് ഇ മനീഷ് പറഞ്ഞു.
ഒറ്റമുറി പിന്നീട് സ്ഥിരമായി മാറുമെന്നും പിന്നീട് മേല്‍വാടകയ്ക്ക് കൈമാറാനുള്ള സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. പഴശ്ശി പ്രൊജക്റ്റ് ഓഫിസര്‍, വില്ലേജ് ഒഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top