കടവത്തൂരില്‍ ഗെയില്‍വിരുദ്ധ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

പാനൂര്‍: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമായ കടവത്തൂര്‍ മുണ്ടത്തോട്ടില്‍ പ്രദേശവാസികള്‍ നടത്തിയ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സമരസമിതി നേതാക്കളുമായി ഗെയില്‍ കമ്പനി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുമായി ഇന്ന് ഉച്ചയ്ക്ക് നിര്‍ണായക ചര്‍ച്ച നടത്തിയ ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പൈപ്പ് ലൈനിന്റെ സബ്‌സ്‌റ്റേഷന്‍ പണിയുന്നതിന് മുണ്ടത്തോട്ടില്‍ അരയേക്കര്‍ സ്ഥലം അക്വയര്‍ ചെയ്യാനാണ് ഗെയിലിന്റെ നീക്കം. ഇതിനെതിരേയാണ് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയത്.
തിങ്കളാഴ്ച രാവിലെ നിര്‍മാണപ്രവൃത്തിക്കായി അധികൃതര്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നിരവധി പേര്‍ തമ്പടിച്ചിരുന്നു. പാനൂര്‍ സിഐ വി വി ബെന്നിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം ഉടലെടുത്തു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥന്റെ ബന്ധു മരിച്ചതിനാല്‍ പ്രവൃത്തി മാറ്റിവച്ച അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിരോധവലയം തീര്‍ത്ത് പിരിയുകയായിരുന്നു. എന്നാല്‍ ഇന്നലെയും പ്രദേശവാസികള്‍ സമരവുമായി രംഗത്തെത്തി. ഗെയില്‍ പ്രതിനിധികള്‍ക്കെതിരേ ഗോബാക്ക് മുദ്രാവാക്യം മുഴക്കി.
ഒടുവില്‍ സിഐയുടെ സാന്നിധ്യത്തില്‍ സമരസമിതി നേതാക്കളും ഗെയില്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുകയും താല്‍ക്കാലിക തീരുമാനത്തില്‍ എത്തുകയുമായിരുന്നു. ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നീലേഷ് ദേശായ്, മാനേജര്‍ അനില്‍കുമാര്‍, ലാന്റ് അക്വസിഷന്‍ തഹസില്‍ദാര്‍ അനില്‍കുമാര്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. നാട്ടുകാര്‍ വികസനത്തിന് എതിരല്ലെന്നും എന്നാല്‍ നാടിനും നാട്ടുകാര്‍ക്കും സംരക്ഷണമൊരുക്കേണ്ട സര്‍ക്കാരുകള്‍ അതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top