കടല്‍ ശാന്തമായിട്ടും വള്ളങ്ങള്‍ കടലിലിറക്കാന്‍ കഴിയുന്നില്ല

പൊന്നാനി: മൂന്നാഴ്ച നീണ്ടുനിന്ന കടല്‍ക്ഷോഭത്തിനുശേഷം പൂര്‍ണമായും കടല്‍ ശാന്തമായെങ്കിലും പൊന്നാനിയിലെ 200 ഓളം വള്ളങ്ങള്‍ കടലിലിറക്കാന്‍ കഴിയുന്നില്ല. ഇതുമൂലം ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങളാണ്. ജില്ലയിലെ മറ്റു തീരപ്രദേശങ്ങളായ താനൂരും പരപ്പനങ്ങാടിയും വള്ളങ്ങള്‍ മീനുമായി കരയിലെത്തുമ്പോഴാണ് പൊന്നാനിയിലെ വള്ളങ്ങള്‍ കടലിലിറക്കാന്‍ കഴിയാതെ മല്‍സ്യത്തൊഴിലാളികള്‍ പ്രയാസത്തിലായത്. ഒരാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റില്‍ പൊന്നാനി തുറമുഖത്ത് 35 ഓളം കൂറ്റന്‍ വള്ളങ്ങള്‍ തകര്‍ന്നിരുന്നു.
ഇതില്‍ നല്ലൊരു പങ്കും ഉള്‍ക്കടലിലേയ്്ക്ക് ഒഴുകിപ്പോയെങ്കിലും മറ്റുള്ളതല്ലാം അഴിമുഖത്ത് തന്നെ തകര്‍ന്നടിഞ്ഞ് താണുപോയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ അഴിമുഖം വഴി കടലിലേയ്്്ക്ക് പോവാനാവില്ല. മറ്റു ഹാര്‍ബറിലെല്ലാം തൊഴിലാളികള്‍ വല നിറയെ മീനുമായി വരുമ്പോള്‍ പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളികളും കുടുംബങ്ങളും കണ്ണീരോടെ കടലിലേയ്്ക്കും നോക്കിയിരിപ്പാണ്. വിഷയം കഴിഞ്ഞ ദിവസം തുറമുഖ വകുപ്പ് മന്ത്രിയായ മേഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരാഴ്ചയ്്ക്കകം ക്രെയിന്‍ ഉപയോഗിച്ച് തകര്‍ന്ന വള്ളങ്ങളുടെയും വലകളുടെയും അവശിഷ്ടങ്ങള്‍ നീക്കംചെയ്യാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. ആ പ്രതിക്ഷയിലാണ് തീരത്തുള്ളവര്‍ ഇപ്പോള്‍ കഴിയുന്നത്. സാധാരണ ട്രോളിങ് നിരോധന കാലയളവിലാണ് വള്ളങ്ങള്‍ക്ക് യഥേഷ്ടം മീന്‍ ലഭിക്കുക. ഇത്തവണ കടല്‍ക്ഷോഭം ഏറെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുകയും മൂന്നുപേര്‍ കടലപകടത്തില്‍ മരിക്കുകയും 35 വള്ളങ്ങള്‍ തകരുകയും ഏഴു കോടിയുടെ നഷ്ടവും ഉണ്ടായതോടെ സീസണ്‍ ആശ്രയിച്ചവര്‍ ശരിക്കും ദുരിതത്തിലായി.
വള്ളങ്ങള്‍ തകര്‍ന്നവര്‍ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഇതുപ്രകാരം പുതിയ വളളങ്ങള്‍ പലിശയ്്ക്ക് പണമെടുത്ത് ഇറക്കാനുള്ള ഒരുക്കത്തിലാണ് മല്‍സ്യത്തൊഴിലാളികള്‍.

RELATED STORIES

Share it
Top