കടല്‍ അരിച്ചുപെറുക്കും

എച്ച്  സുധിര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് മല്‍സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കടല്‍ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ നടന്ന മല്‍സ്യത്തൊഴിലാളി സംഘടന, ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, ലത്തീന്‍ സമുദായ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചെറിയ സംഘങ്ങളായി തിരിഞ്ഞ് മുനമ്പം മുതല്‍ ഗോവന്‍ തീരം വരെ തിരച്ചില്‍ നടത്താനാണ് ആലോചിക്കുന്നത്. 200 മല്‍സ്യബന്ധന ബോട്ടുകളെങ്കിലും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു.  അതേസമയം, 105 യന്ത്രവല്‍കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം ഇന്നു വൈകീട്ട് ഉള്‍ക്കടലിലേക്ക് പുറപ്പെടും. കേരളതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാലു ദിവസത്തേക്കാവും തിരച്ചില്‍ നടത്തുക. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാലു കേന്ദ്രങ്ങളില്‍ നിന്ന് യഥാക്രമം 25, 25, 25, 30 ഫിഷിങ് ബോട്ടുകളാവും തിരച്ചില്‍ നടത്തുക. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മല്‍സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും ഓരോ കേന്ദ്രത്തില്‍ നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുക. മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ആയത് ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവും അടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. സഹായധനം സമയബന്ധിതമായി നല്‍കും. സഹായങ്ങള്‍ ഒരുമിച്ചുനല്‍കാനാണ് തീരുമാനം. 20 ലക്ഷം രൂപയുടെ സഹായത്തില്‍ അഞ്ചു ലക്ഷം രൂപ മല്‍സ്യത്തൊഴിലാളി ക്ഷേമനിധിയില്‍നിന്നാണ് നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്കും ഈ തുക ലഭിക്കും. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതു വരെ കാത്തിരിക്കാതെ ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പസ് ഫണ്ടില്‍ നിന്ന് പണം നല്‍കും. 2018-19ല്‍ മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും വീടു നല്‍കാനാണ് ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയില്‍ വഴി വീടു നല്‍കുന്നതിനൊപ്പം കേന്ദ്രസഹായവും തേടും. പ്രധാനമന്ത്രി ഭവനപദ്ധതിയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടും. ലോകബാങ്ക് സഹായത്തോടെയുള്ള ഫണ്ട് ലഭിക്കുന്ന ദേശീയ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പദ്ധതിയില്‍ നിന്നും ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കേരളം ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നതിന് നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കാന്‍ നടപടി സ്വീകരിച്ചു. കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിട്ടുണ്ട്.ശക്തമായ കടലാക്രമണമുള്ള പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കേണ്ടിവരും. നാടിന്റെ അതിര്‍ത്തി സംരക്ഷിക്കലിന്റെ ഭാഗം കൂടിയാണിതെന്നും  മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top