കടല്‍ഭിത്തി നിര്‍മാണസ്ഥലം ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

തലശ്ശേരി: തലശ്ശേരി കടപ്പുറത്ത് ജനറല്‍ ആശുപത്രി മുതല്‍ ജവഹര്‍ ഘട്ട് വരെ കടല്‍ഭിത്തി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കടല്‍ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തലശ്ശേരി താലൂക്ക് ഓഫിസില്‍ വിളിച്ച യോഗ തീരുമാനപ്രകാരം ഇന്നലെ സബ് കലക്്ടര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ മാസമുണ്ടായ ശക്തമായ കടലേറ്റത്തില്‍ കടപ്പുറത്തെ മൊത്ത മല്‍സ്യ മാര്‍ക്കറ്റ് യാര്‍ഡും പാര്‍ക്കിങ് ഏരിയയും ഒലിച്ചുപോയതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെ 30 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ ഭിത്തി കെട്ടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ജനറല്‍ ആശുപത്രി മുതല്‍ ജവഹര്‍ഘട്ട് വരെ 51 മീറ്റര്‍ നീളത്തിര്‍ വീണ്ടും കടല്‍ഭിത്തി കെട്ടാനുള്ള തീരുമാനത്തിനെതിരേയാണ് മല്‍സ്യത്തൊഴിലാളികള്‍ എതിര്‍പ്പുമായെത്തിയത്. ഈ ഭാഗത്ത് ഭിത്തി കെട്ടിയാല്‍ ബോട്ടുകള്‍ ഇറക്കാനും കയറ്റാനും കഴിയില്ലെന്നും ഇതുവഴി തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.
ജനറല്‍ ആശുപത്രി പരിസരത്താണ് തൊഴിലാളികളുടെ വലയും മറ്റു ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ് സ്ഥിതി ചെയ്യുന്നത്. ഇത് പലതും ഇല്ലാതാവുകയും ചെയ്യും. പുതിയ സ്ഥലത്ത് ഭിത്തി കെട്ടാന്‍ സര്‍വേ നടത്താനെത്തിയ റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ തിരിച്ചയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉന്നതതല യോഗം വിളിച്ച് തീരുമാനം എടുക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മല്‍സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് യോഗം വിളിക്കുകയും ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തത്.
ഈ ഭാഗത്ത് ഭിത്തി കെട്ടിയാല്‍ ബോട്ട് കരയ്ക്കടുപ്പിക്കാനാവാത്തതിനാല്‍ മറ്റു തുറകളില്‍ ജോലി ചെയ്യാനാവില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇതുകാരണം 250 ബോട്ടുകളിലായി 1500ഓളം തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങും. അതിനാല്‍ 51 മീറ്റര്‍ നീളത്തിലുള്ള കടല്‍ഭിത്തി നിര്‍മാണം തടയുക തന്നെ ചെയ്യുമെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉദ്യോഗസ്ഥ സംഘത്തില്‍ തലശ്ശേരി താലൂക്ക് തഹസില്‍ദാര്‍ ടി വി രഞ്ജിത്ത്, പൊതുമരാമത്ത്, ജലസേചന വകുപ്പ് എക്‌സി. എന്‍ജിനീയര്‍ സി കെ സുലോചന, എക്‌സി. എന്‍ജിനീയര്‍ പ്രദീപന്‍ പാലോറ, സിന്ധു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ കെ പ്രേമചന്ദ്രന്‍ എന്നിവരും സബ് കലക്്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top