കടല്‍ഭിത്തി നിര്‍മാണം; ജനപ്രതിനിധികളുടെ അലംഭാവത്തില്‍ പ്രതിഷേധം ശക്തം

വടകര: തീരദേശവാസികളുടെ ജീവന്‍മരണ പോരാട്ട പ്രശ്‌നമായി മാറിയ കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ വടകരയിലെ ജനപ്രതിനിധികള്‍ കാണിക്കുന്ന തികഞ്ഞ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കടല്‍ഭിത്തി നിര്‍മ്മാണം നടത്തിയേ മതിയാകൂ എന്നാവശ്യപ്പെട്ട് കൊണ്ട് പ്രദേശത്തെ വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരത്തിലേക്ക് ഇറങ്ങുകയാണ്. ഇതിനായി പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് സമരങ്ങളെ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈകൊണ്ടിരിക്കുകയാണ്.
വടകര മണ്ഡലത്തിലെ സാന്‍ഡ്ബാങ്ക്‌സ് മുതല്‍ ഒഞ്ചിയം വരെയുള്ള ഭാഗങ്ങളിലാണ് കടല്‍ഭിത്തി തീരെയില്ലാതെ തീരദേശവാസികള്‍ ബുദ്ധിമുട്ടുന്നത്. ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇന്നേവരെ മാറി മാറി ഭരിച്ച സര്‍ക്കാരും, വടകരയെ പ്രതിനിധീകരിച്ച എംപി അടക്കമുള്ള ജനപ്രതിനിധികളും ഒരു നടപടിയും എടുത്തിട്ടില്ല. മുന്‍ വര്‍ഷങ്ങളിലും തെരഞ്ഞെടുപ്പ് വേളകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് കടല്‍ഭിത്തി നിര്‍മ്മാണം. അന്നൊക്കെ പല വാഗ്ദാനങ്ങള്‍ നല്‍കുകയും, ഫണ്ട് അനുവദിച്ചെന്നും ഉടന്‍ തന്നെ നിര്‍മ്മാണം നടത്തുമെന്നുമാണ് പല രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളോട് പറയാറുള്ളത്. ഇതേ പ്രചാരണത്തില്‍ തന്നെ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ ചെറു രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളെ പൊളിക്കാനും നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രചാരണത്തില്‍ മാത്രം ഒതുങ്ങിയതല്ലാതെ നടപടിയെടുക്കാന്‍ മുഖ്യധാര പാര്‍ട്ടികള്‍ക്കും അവരുടെ ജനപ്രതിനിധികള്‍ക്കും സാധിച്ചിട്ടില്ല.
നിലവില്‍ സ്ഥലം എംപി മുല്ലപ്പള്ളിയ രാമചന്ദ്രനെതിരെ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ലീഗും പ്രതിഷേധം ഉയര്‍ത്തുകയാണ്. പല മേഖലയില്‍ നിന്നും മുസ്ലിം ലീഗിന്റെ അണികളില്‍ എംപിയോടുള്ള അമര്‍ഷം അണപൊട്ടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. എന്നിട്ട് പോലും ഒരു സന്ദര്‍ശനം പോലും നടത്താന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മനസ് കാണിക്കാത്തത് സോഷ്യല്‍ മീഡിയകളിലടക്കം പരിഹാസമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സ്ഥലം എംഎല്‍എ സികെ നാണു സ്ഥലം സന്ദര്‍ശിക്കാന്‍ മനസ് കാണിച്ചെങ്കിലും ഭിത്തി നിര്‍മ്മാണത്തിന് വേണ്ട നടപടിയെടുക്കുന്നതില്‍ വ്യക്തമായ ഒരു മറുപടി തീരദേശവാസികള്‍ക്ക് നല്‍കിയിട്ടില്ല.
പ്രശ്‌നത്തില്‍ എസ്ഡിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഈ വിഷയം ഉന്നയിച്ച് വടകര ടൗണ്‍ ലീഗ് കമ്മിറ്റി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്് നടത്തിയിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് ഫണ്ട് അനുവദിച്ചെന്ന് പ്രചാരണം നടത്തിയ ലീഗ് തന്നെ വീണ്ടും സമരത്തിലേക്ക് ഇറങ്ങിയത് പൊതുജനങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ചില വ്യക്തികള്‍ ചേര്‍ന്ന് തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ച ലഭിച്ച മറുപടിയും, ലീഗ് നടത്തിയ മാര്‍ച്ചില്‍ ലഭിച്ച മറുപടിയും സമാനമുള്ളതാണ്. എന്നിരിക്കെ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നാണ് പൊതുജനങ്ങള്‍ ചോദിക്കുന്നത്. അതേസമയം ഇത്തരം മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴില്‍ നില്‍ക്കാതെ പൊതുജനങ്ങള്‍ സംഘടിച്ച് പ്രതിഷേധം നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
എന്തിരുന്നാലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.

RELATED STORIES

Share it
Top