കടല്‍ഭിത്തിയില്ല; മാട്ടൂലില്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധം

മാട്ടൂല്‍: കടലാക്രമണം പതിവായ മാട്ടൂലില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടിയില്ല. തീരമേഖലയിലെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ യങ് വോയ്‌സിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതീകാത്മകമായി മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധിച്ചു. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചങ്ങലയില്‍ കണ്ണികളായി. പി അഫ്‌സല്‍ അധ്യക്ഷത വഹിച്ചു.
ഹാഷിം പ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബര്‍ കെ കെ അനസ്, കെ വി റഹീസ് സംസാരിച്ചു. മേഖലയില്‍ കടല്‍ഭിത്തി നിര്‍മാണം എങ്ങുമെത്താതെ നീളവെ തീരദേശവാസികള്‍ ആശങ്കയിലാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ മാട്ടൂല്‍, പഴയങ്ങാടി, പുതിയങ്ങാടി മേഖലയിലെ കടല്‍ഭിത്തികള്‍ വ്യാപകമായി തകര്‍ന്നിരുന്നു. വ്യാപകമായ നാശനഷ്ടവും ഉണ്ടായി. പിന്നീട് ഈ മേഖലകളില്‍ കടല്‍ഭിത്തി നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. കടല്‍ക്ഷോഭം തടയാന്‍ വനംവകുപ്പ് അധികൃതര്‍ നട്ടുവളര്‍ത്തിയ കാറ്റാടി മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നതായും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top