കടല്‍ദുരന്ത രക്ഷാപ്രവര്‍ത്തനം: ബേസ് സ്റ്റേഷന്‍ സ്ഥാപിക്കും

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേഗത്തില്‍ സാധ്യമാക്കുന്നതിനുമായി കോഴിക്കോട് വെള്ളയില്‍ ആസ്ഥാനമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ബേസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തു. പദ്ധതിയുടെ രൂപരേഖ ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം എ മുഹമ്മദ് അന്‍സാരി കലക്ടറേറ്റില്‍ നടന്ന ദുരന്ത നിവാരണ സമിതി യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ ദാസന്‍ എംഎല്‍എ സന്നിഹിതരായി. കടല്‍ ദുരന്തങ്ങളില്‍പ്പെടുന്ന മല്‍സ്യതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ ഏകോപ്പിച്ചുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കോസ്റ്റ് ഗാര്‍ഡ്, നേവി, റവന്യൂ തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ്, പോലിസ്, ആരോഗ്യ വകുപ്പ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ കൂട്ടായാണ് രക്ഷാപ്രവര്‍ത്തനം നിര്‍വഹിക്കുന്നത്. എന്നാല്‍ വിവിധ ഇടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ ഓഫിസുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമാവാറില്ല. ഈ സാഹചര്യത്തിലാണ് ബേസ് സ്റ്റേഷന്‍ സ്ഥാപിച്ച് കേന്ദ്രീകൃത രക്ഷാപ്രവര്‍ത്തനത്തിന് സൗകര്യം ഒരുക്കുന്നത്. 110 കോടി ചെലവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ബേസ് സ്റ്റേഷനില്‍ ഹെലിപാഡ്, വാര്‍ഫ്, പുലിമുട്ട്, കണ്‍ട്രോള്‍ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ദുരന്ത കാലത്ത് മാത്രമേ ബേസ് സ്റ്റേഷന്‍ പരിപൂര്‍ണമായി ആവശ്യം വരികയുള്ളൂ എന്നതിനാല്‍ മറ്റ് അവസരങ്ങളില്‍ ഇതര ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കും. മേല്‍ക്കൂര സോളാര്‍ വൈദ്യുതി ഉല്‍പാദനത്തിനും  മഴവെള്ള സംഭരണത്തിനും പ്രയോജനപ്പെടുത്തും. പുലിമുട്ടില്‍ സൈക്കിള്‍ സവാരിക്കും ജോഗിംങ്ങിനും സൗകര്യമുണ്ടാവും. ഹെലിപാഡ് വിഐപി കളുടെ സന്ദര്‍ശന സമയങ്ങളില്‍ പ്രയോജനപ്പെടുത്താനാവും. ഓഖി ദുരന്ത വേളയില്‍ ബോട്ട് ഉടമകള്‍ക്ക് മല്‍സ്യത്തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നതിന്റെ  പശ്ചാത്തലത്തില്‍ ബോട്ട് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ബോട്ടുകള്‍ കടലില്‍ ഇറക്കുന്ന ഉടമകള്‍ സുരക്ഷ ഉപകരണങ്ങളോ, തൊഴിലാളികളുടെ വിവരങ്ങളോ, സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. വകുപ്പ് നടപ്പാക്കിയ ബയോ മെട്രിക് കാര്‍ഡ് സംവിധാനം 70 ശതമാനം മാത്രമാണ് ജില്ലയില്‍ പൂര്‍ത്തിയായിട്ടുള്ളത്.  മല്‍സ്യാത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി നല്‍കിയുരുന്ന ബീക്കണുകളും ഡിസ്ട്രസ് അലര്‍ട്ടുകളും ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തുന്നില്ല. ഇത്തരം കാര്യങ്ങള്‍  നിര്‍ബന്ധമാക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടും. ബോട്ട് നിര്‍മാണ യാര്‍ഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. കടലോര ജാഗ്രതാ സമിതികള്‍ നിര്‍ദിഷ്ട ഇടവേളകളില്‍ യോഗം ചേര്‍ന്ന് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കടല്‍ഭീത്തിയില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍കുട്ടി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top