കടല്‍ക്ഷോഭ ദുരിതാശ്വാസമായി 48 ലക്ഷം അനുവദിച്ചു; കടല്‍ഭിത്തിനിര്‍മാണം ത്വരിതഗതിയിലാക്കും

തൃശൂര്‍: കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ കടല്‍ക്ഷോഭം മൂലം പുനരധിവാസം ആവശ്യമായവര്‍ക്കുള്ള അടിയന്തര സഹായമായി 48 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കളക്ടറേറ്റില്‍ നടന്ന കടല്‍ക്ഷോഭ പരിഹാര യോഗത്തില്‍ ഇ ടി ടൈസണ്‍മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു.  കഴിഞ്ഞ മാര്‍ച്ചിലാണ് തുക പാസായത്. ഇത് അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കടലേറ്റം ഏറ്റവും രൂക്ഷമായ എടവിലങ്ങ്, എറിയാട്, അഴീക്കോട് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കടല്‍ക്ഷോഭ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നതായിരുന്നു യോഗത്തിന്റെ അജണ്ട.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണം വേണമെന്ന ആവശ്യമുയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടലേറ്റം രൂക്ഷമായി ജനങ്ങള്‍ ഒഴിഞ്ഞുപോയ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി 27 ലക്ഷം രൂപയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ഒന്‍പതു പ്രവര്‍ത്തികള്‍ക്കാണ് ഈ തുക അനുവദിക്കപ്പെട്ടിട്ടുള്ളത്. കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ 200 മീറ്റര്‍ അകലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പുനരധിവാസ പദ്ധതി പ്രകാരം അര്‍ഹരായവര്‍ ജൂണ്‍ എട്ടിനകം അപേക്ഷ സമര്‍പ്പിച്ചാല്‍ അവര്‍ക്കുള്ള ധനസഹായം വിതരണം നടത്താമെന്നും എംഎല്‍എ അറിയിച്ചു. സുനാമിയില്‍ വീടുനഷ്ടപ്പെട്ടവര്‍ക്കായി പണിത വീടുകളില്‍ അനര്‍ഹര്‍ താമസിക്കുന്നുവെന്ന ആരോപണം യോഗത്തില്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് അത് അന്വേഷിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. കടലേറ്റപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്ന സംവിധാനം തുടരാനും യോഗം തീരുമാനിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കടല്‍ത്തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും  കടല്‍ഭിത്തി നിര്‍മ്മാണത്തിനായി വിവിധ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. യോഗത്തി ല്‍ എ.ഡി.എം സി. ലതിക, ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ. എം.സി റെജില്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രേംകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top