കടല്‍ക്ഷോഭം മുന്‍ വര്‍ഷങ്ങളേക്കാള്‍ രൂക്ഷം: നിസ്സഹായതയുടെ പിടിയിലമര്‍ന്ന് തീരദേശം

കൊടുങ്ങല്ലൂര്‍: കടല്‍ക്ഷോഭം മുന്‍ വര്‍ഷങ്ങളേക്കാള്‍ രൂക്ഷമാകുമ്പോള്‍ നിസ്സഹായതയുടെ പിടിയിലമരുകയാണ് തീരദേശം. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ് മുതല്‍ ചന്തവരെയുള്ള കടപ്പുറം ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.
ലൈറ്റ് ഹൗസ്, ചേരമാന്‍, ആറാട്ടുവഴി, മണപ്പാട്ട് ചാല്‍, ചന്ത കടപ്പുറങ്ങളിലും പരിസരത്തുമായി ഏകദേശം പതിനായിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം കുടുംബങ്ങളെ കടല്‍ക്ഷോഭം നേരിട്ടും മറ്റുള്ളവരെ പരോക്ഷമായും ബാധിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷം മുന്‍പ് വരെ കടല്‍ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങളെ വര്‍ഷകാലത്ത് മാത്രം ബാധിച്ചിരുന്ന പ്രശ്‌നമായിരുന്നു കടലാക്രമണം. എന്നാലിപ്പോള്‍ രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ടിപ്പു സുല്‍ത്താന്‍ റോഡ് വരെ കടലാക്രമണ ഭീഷണിയുടെ നിഴലിലാണ്.
പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി, തങ്ങള്‍ക്ക് കൂടി സ്വീകാര്യമായ പുനരധിവാസം, അര്‍ഹമായ നഷ്ട പരിഹാരം എന്നിവയാണ് ഇപ്പോ ള്‍ തീരദേശത്തിന്റെ പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിറവേറ്റാനാകാതെ അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇക്കഴിഞ്ഞ വര്‍ഷം ഓഖി തിരമാലയടിച്ച ദിവസങ്ങളില്‍ കടല്‍ ഏറെ ദൂരം എത്തിയെങ്കിലും ജലനിരപ്പ് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടരുന്ന കടലാക്രമണത്തില്‍ ജലനിരപ്പ് അപകടകരമായ വിധത്തിലാണുയരുന്നത്.കടലാക്രമണ ബാധിതരെ മാറ്റി താമസിപ്പിക്കുകയാണ് പരിഹാരമാര്‍ഗ്ഗമെങ്കിലും കടലാക്രമണം തടയുന്നതിനായുള്ള ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കുകയാണ് ശാശ്വത പരിഹാരം. അത് നീണ്ടുപോകുംതോറും കടലും കരയും തമ്മിലുള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കും.
അതേസമയം കടല്‍ക്ഷോഭത്തില്‍ വെള്ളത്തില്‍ മുങ്ങിയ വീടുകളുടെ അത്ര തന്നെ എണ്ണം സെപ്റ്റിക് ടാങ്കുകളും വെള്ളം നിറഞ്ഞ് കവിഞ്ഞ നിലയിലാണ്. തീരമേഖലയില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചെറുതോടുകളും കുളങ്ങളും വഴി മലിനജലം സമീപ പ്രദേശങ്ങളിലുമെത്തുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ക്കുള്ള സാധ്യത കൂടിയാണ് ഒഴുകിയെത്തുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.

RELATED STORIES

Share it
Top