കടല്‍ക്ഷോഭം: എംഎല്‍എ വന്‍പരാജയമെന്ന് എസ്ഡിപിഐ

ചാവക്കാട്: കടല്‍ക്ഷോഭത്തിനു ഇരയായവര്‍ക്ക് അടിയന്തരസഹായം നല്‍കുന്നതില്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ വന്‍പരാജയമാണെന്ന് എസ്ഡിപിഐ മണ്ഡലം കമ്മറ്റി യോഗം കുറ്റപ്പെടുത്തി. അഞ്ചു ദിവസമായിട്ടും കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത എംഎല്‍എ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നില്ല.
അതേസമയം മണ്ണാര്‍ക്കാട് എംഎല്‍എയെ കൊണ്ടുവന്ന് സ്ഥലം എംഎല്‍എയുടെ പിടിപ്പുകേട് മുതലെടുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ചും അടിയന്തിര ധനസഹായം നല്‍കുക, ശാസ്ത്രീയമായി കരിങ്കല്‍ഭിത്തി നിര്‍മിക്കുക, ദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുക, പകര്‍ച്ചവ്യാധി തടയാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുക, സൗജന്യ റേഷന്‍ ഉറപ്പ് വരുത്തുക, ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അനുകുല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് രാവിലെ 10.30ന് എംഎല്‍എ ഓഫിസിനു മുന്നില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും.
മണ്ഡലം പ്രസിഡന്റ് റ്റി എം അക്ബര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ എച്ച് ഷാജഹാന്‍, കെരീം ചെറായി, വിക്ടര്‍ അഞ്ഞൂര്‍, സക്കീര്‍ ഹുസൈന്‍, സക്കറിയ വലിയപുരക്കല്‍, ജബ്ബാര്‍ അണ്ടത്തോട് സംസാരിച്ചു.
കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ദുരിതബാധിത പ്രദേശങ്ങള്‍ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ എച്ച് ഹുസൈന്‍ തങ്ങള്‍, ജില്ലാ ജോയിന്റ്് സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ഷമീര്‍ ബ്രോഡ്വേ, എം ഫാറൂഖ് സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top