കടല്‍കയറ്റം: തീരദേശ മേഖല ആശങ്കയില്‍പള്ളുരുത്തി:   തീരദേശ മേഖലയായ ചെല്ലാനത്തെ ആശങ്കയിലാക്കി തീരത്ത് കടല്‍ കയറി. ചൊവ്വാഴ്ച രാത്രി വേലിയേറ്റ സമയത്താണ് അതിശക്തമായി കടല്‍ കരയിലേക്ക് അടിച്ച് കയറിയത്. വേളാങ്കണ്ണി, മറുവക്കാട്, കമ്പിനിപ്പടിപടിഞ്ഞാറ് ആലുങ്കല്‍ കടപ്പുറം, ബസ്സാര്‍, പുത്തന്‍തോട് കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ കടല്‍കയറ്റ മുണ്ടായത്. ബുധനാഴ്ച പകല്‍ വേലിയേറ്റ സമയത്തും കടല്‍ വെള്ളം കരയിലേക്ക് ഇരച്ചുകയറിയിരുന്നു. അറുപതോളം വീടുകളില്‍ കടല്‍വെള്ളം കയറിയിട്ടുണ്ട്. കടല്‍ഭിത്തിഇല്ലാത്തിടങ്ങളിലാണ് ജനം ഏറെ വലഞ്ഞത്. രാവും പകലും  ശക്തമായ കടലിരമ്പമായതിനാല്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കിടന്ന് ഉറങ്ങുന്നത്. കൊച്ചി തഹസില്‍ദാര്‍ ജോയി മാത്യു സംഭവം അറിഞ്ഞയുടന്‍ സ്ഥലം സന്ദര്‍ശിച്ചു. കടല്‍ഭിത്തി ഇല്ലാത്തിടത്ത് മണല്‍ വാടകള്‍ തീര്‍ക്കുന്നതിന് ആദ്യഘട്ടം ആറായിരം ചാക്കുകള്‍ നല്‍കിയതായിചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോയി പറഞ്ഞു. കമ്പിനിപ്പടി ഭാഗത്ത് നാല്‍പതു മീറ്റര്‍ ഭാഗത്ത് ആദ്യഘട്ടം മണല്‍ വാട തീര്‍ക്കും. സാധാരണ ഗതിയില്‍വാവ് പക്കം വരുന്ന നാളുകളിലാണ് ശക്തമായ കടല്‍ ക്ഷോഭം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വെളുത്തവാവിന് മൂന്നു ദിവസം മുമ്പ് ഉണ്ടായ കടല്‍കയറ്റം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വാവ് വരുന്ന ദിനത്തില്‍ വേലിയേറ്റവും, കടലാക്രമണവും രൂക്ഷമാകുമെന്നതിനാല്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേയും, എഡി എം നേയും സന്ദര്‍ശിച്ച് കടല്‍കയറ്റം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top