കടലോര കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ചില്ല

ചേറ്റുവ: മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഓഖി ചുഴലികാറ്റിലും കടല്‍ക്ഷോഭത്തിലും അനേകം നാശനഷ്ടം സംഭവിച്ച കടപ്പുറം പഞ്ചായത്തിലെ കടലോര കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇതുവരെ യാതൊരു ധനസഹായവും ലഭിച്ചില്ല. കേന്ദ്രത്തില്‍ നിന്നും വിദഗ്ധ സംഘം വന്ന് നാശനഷ്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പോയതല്ലാതെ ശാശ്വതമായ പരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല.
ചുഴലിക്കാറ്റില്‍ മുനക്കകടവ് മുതല്‍ മാളുകുള്ളി വളവ് വരെ നിലംപതിച്ച കാറ്റാടി മരങ്ങള്‍ കടലോരത്ത് നിന്നും ഇതുവരെ നീക്കം ചെയ്തിട്ടില്ല. കരയിലേക്ക് കടല്‍വെള്ളം കയറിയതിനെതുടര്‍ന്ന് കടലോരത്ത് നിന്നിരുന്ന തെങ്ങിന്റെ മെച്ചിയും മറ്റും പൊഴിഞ്ഞുപോയിരുന്നു. ഇപ്പോള്‍ ആയിരകണക്കിന് തെങ്ങുകള്‍ കടലോരത്ത് ഉണങ്ങിപോയതോടെ തെങ്ങ് കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. തകര്‍ന്ന കരിങ്കല്ല് ഭിത്തി, കടപ്പുറം പഞ്ചായത്തില്‍ പുതുക്കി പണിയുന്നതിനുള്ള യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല.
ചേറ്റുവ അഴിമുഖത്ത് തകര്‍ന്ന പുലിമുട്ട് റോഡ് പുതുക്കി പണിയുവാനും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിനോക്കിയില്ലെന്നും പരാതിയുണ്ട്.
ലക്ഷങ്ങള്‍ മുടക്കി കടലോരത്ത് മണ്ണ് ഒലിച്ചു പോകുന്നത് തടയുന്നതിനു വേണ്ടി നട്ടുവലുതാക്കിയ കാറ്റാടി മരങ്ങള്‍ തിരമാലകളുടെ അടിമൂലം മണ്ണ് ഒലിച്ചുപോയി കടലോരത്ത് വീണു കിടക്കുന്നത് ഇതുവരേയും നീക്കം ചെയ്യാന്‍ മാസങ്ങളായിട്ടും ബന്ധപ്പെട്ടവര്‍ നടപടി എടുക്കുന്നില്ല.

RELATED STORIES

Share it
Top