കടലോരവും പുഴയോരവും നാശത്തിലേക്ക്ചാവക്കാട്: തീരസംരക്ഷണഭിത്തികളില്ലാത്തതിനാല്‍ കടലോരവും പുഴയോരവും നാശത്തിലേയ്ക്ക്. ഭിത്തികള്‍ തകര്‍ന്ന കടലോരത്ത് കടല്‍ ഭിത്തികളുടെ പുനര്‍നിര്‍മാണവും പുഴയോരത്ത് പുതിയസംരക്ഷണ ഭിത്തികളും ഉടന്‍ നിര്‍മിച്ചില്ലെങ്കില്‍ തീരദേശത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം. മുനക്കകടവ് ചേറ്റുവ അഴിമുഖത്തിനു വടക്കുഭാഗത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച ഭീമന്‍ കരിങ്കല്‍ഭിത്തികള്‍ തകര്‍ന്ന് കടല്‍ തീരം കവര്‍ന്നു തുടങ്ങി. മുനക്കകടവ് മൂസറോഡ് ,അഞ്ചങ്ങാടി വളവ്, ഇഖ്ബാല്‍ നഗര്‍, തൊട്ടാപ്പ് മരകമ്പനി, ലൈറ്റ് ഹൗസ് എന്നീസ്ഥലങ്ങളിലാണ് കടല്‍ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്. അഴിമുഖത്ത് പുലിമുട്ട് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ കടലേറ്റം കുറയുമെന്ന പ്രതീക്ഷകളെ കാറ്റില്‍ പറത്തികൊണ്ടാണ് ഈമേഖലകളില്‍ കടല്‍ഭിത്തികളെ തകര്‍ത്ത് കടല്‍ തീരമെടുക്കുന്നത്. ഈമേഖലകളില്‍ ലക്ഷങ്ങള്‍ചെലവഴിച്ച് നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങള്‍ മുഴുവന്‍ കടലെടുത്തുപ്പോയി. കാറ്റാടി കാടുകള്‍ കടലേറ്റം തടയുമെന്ന പ്രതീക്ഷയും ഇവിടെ തകര്‍ന്നു. ചേറ്റുവ മുനക്കകടവ് അഴിയോട് ചേര്‍ന്ന് ഒഴുകിവരുന്ന ചേറ്റുവ പുഴയും വടക്ക് തീരത്തേയ്ക്ക് വെള്ളം അടിച്ചുകയറി ദുരന്ത ഭീഷണിയുയര്‍ത്തുന്നു . നൂറുകണക്കിന് തെങ്ങുകളും വീടുകളും ഭീഷണിയിലാണ്. തീരദേശ പോലിസ് സ്‌റ്റേഷന്‍ കെട്ടിടവും സമീപത്തെ സ്വകാര്യ വ്യക്തികളുടെ തെങ്ങുകളും ഇവിടെ നാശം നേരിടുകയാണ്. പുഴയോരത്തെ ഭിത്തി തകര്‍ന്നതാണ് ഇവിടെ കരയിലേക്ക് തിരയടിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം തിരയടിച്ച് കടപുഴകിയ തെങ്ങുകള്‍ക്ക് നഷ്ടപരിഹാരത്തിനായി കൃഷിഭവനില്‍ പരാതി നല്‍കിയിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. പുഴയോരത്തെ ഭിത്തി തകര്‍ന്നതിനാല്‍ ഈ വര്‍ഷവും കായ്ഫലമുള്ള നിരവധി തെങ്ങുകള്‍ പുഴയെടുക്കുമെന്ന നിലയിലാണ്. കടലാക്രമണത്തില്‍ കാലക്രമേണ മുനക്കകടവ് മുതല്‍ അഴിമുഖം വരെയുള്ള ഭൂമി  പുഴയോടും പടിഞ്ഞാറ് കടലിനോടും ചേര്‍ന്ന് കടലെടുക്കുമെന്ന ഇറിഗേഷന്‍ വകുപ്പിന്റെ പഴയൊരു പഠനം യാഥാര്‍ഥ്യമായേക്കുമെന്ന ആശങ്ക ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കരിങ്കല്‍ഭിത്തികളുടെ പുനര്‍നിര്‍മാണത്തിന് ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുകാരണം അഴിമുഖത്തെ പുലിമുട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പരിസരത്തെ തെങ്ങുകളും നശിച്ചുകൊണ്ടിരിക്കുകയാണ്.

RELATED STORIES

Share it
Top