കടലേറ്റം; വീടു തകര്‍ന്നു

ആലപ്പുഴ: കടലേറ്റത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന രണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് പണിയാന്‍ സര്‍ക്കാര്‍ സഹായം. 2018 ഏപ്രില്‍ മാസം തുടര്‍ച്ചയായുണ്ടായ കടലേറ്റത്തില്‍ വീട് തകര്‍ന്ന പി റിന്‍സണ്‍, കുഞ്ഞുമോന്‍ എന്നിവര്‍ക്ക്  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂമിയും വീടും വാങ്ങുന്നതിനായി 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷനംഗം  ബിന്ദു എം തോമസ് അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓഖി ദുരന്ത സമയത്ത് മല്‍സ്യബന്ധനസാമഗ്രികകള്‍ നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സിറ്റിങില്‍ 28 കേസുകളാണ് പരിഗണിച്ചത്. 14 എണ്ണം പരിഹരിച്ചു. ഗുരുപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്‌കൂളില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്നില്ലെന്ന പരാതിയും പരിഹരിച്ചു. കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കാതിരുന്നതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാതിരുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി.
തുടര്‍ന്ന്  സ്‌കൂളധികൃതര്‍ തന്നെ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് സമ്മതിച്ചതോടെ പ്രശ്‌നം പരിഹരിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ സ്‌കൂളധികാരികളുടെ അനാസ്ഥ കാരണം നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ആഗസ്ത് രണ്ടിനാണ് അടുത്ത സിറ്റിങ്.

RELATED STORIES

Share it
Top