കടലിലെ മാലിന്യഭീഷണി; ദേശീയ സമ്മേളനം ബുധനാഴ്ച കൊച്ചിയില്‍

കൊച്ചി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍മൂലം കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് രണ്ടുദിവസത്തെ ദേശീയ സമ്മേളനത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാവും. കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കുന്ന സമ്മേളനത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായ പരിസ്ഥിതിപ്രവര്‍ത്തകരും സമുദ്രശാസത്രജ്ഞരും നയരൂപീകരണ വിദഗ്ധരുമാണ് പങ്കെടുക്കുന്നത്.
മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് (എംബിഎഐ) സമ്മേളനത്തിന്റെ സംഘാടകര്‍. മലിനീകരണം തടഞ്ഞ് കടലിന്റെയും കായലിന്റെയും പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സംയോജിപ്പിച്ച് കര്‍മരേഖ തയ്യാറാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരജേതാവും പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനുമായ മുംബൈയില്‍ നിന്നുള്ള അഡ്വ. അഫ്രോസ് ഷാ രാവിലെ 10നു സമ്മേളനം ഉദ്ഘാടനം ചെയ്യും. 2016ല്‍ 12,000 വോളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്‍കി മുംബൈയിലെ വെര്‍സോവ ബീച്ചില്‍നിന്ന് 4,000 ടണ്‍ മാലിന്യം നീക്കം ചെയ്തതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാണ് അഫ്രോസ് ഷാ. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ ഉപദേഷ്ടാവും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. ജെ ആര്‍ ഭട്ട് സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാവും. 'പ്ലാസ്റ്റിക് മാന്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ അറിയപ്പെടുന്ന പത്മ ജേതാവുകൂടിയായ ഡോ. വാസുദേവന്‍ രാജഗോപാലന്‍ ഉള്‍പ്പെടെയുള്ള ഏഴു വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രധാന പ്രഭാഷകരായി പങ്കെടുക്കും.
കടല്‍ മലിനീകരണവുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പുറമേ, മാലിന്യനിര്‍മാര്‍ജനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, റീസൈക്ലിങ് തുടങ്ങി വിവിധ മേഖലകളില്‍ വിജയകരമായി മാറിയ പ്രവര്‍ത്തനമാതൃകകള്‍ പരിസ്ഥിപ്രവര്‍ത്തകര്‍ അവതരിപ്പിക്കും. 50 ശാസ്ത്രപ്രബന്ധങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച 55ഓളം പരിസ്ഥിതി സംരക്ഷണ വിജയമാതൃകകളുമാണു സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന മാതൃകകള്‍ക്ക് സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും.
മാലിന്യം കടലിനും സമുദ്രസമ്പത്തിനും ഏല്‍പിക്കുന്ന പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട് ഗവേഷകര്‍ അവതരിപ്പിക്കുന്ന പഠനങ്ങളുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെ പ്രായോഗിക നിര്‍ദേശങ്ങളുടെയും വെളിച്ചത്തിലാണ് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള കര്‍മരേഖ തയ്യാറാക്കുക. കൂടാതെ, കടലിലും കായലിലും വര്‍ധിച്ചുവരുന്ന മാലിന്യങ്ങളുടെ പ്രത്യാഘാതം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും ഹ്രസ്വവീഡിയോകളും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. മികച്ച സൃഷ്ടികള്‍ക്കുള്ള പുരസ്‌കാരം സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

RELATED STORIES

Share it
Top