കടലിന്റെ കലി അടങ്ങുന്നില്ല; ക്യാംപില്‍ കഴിയുന്നത് ആയിരത്തോളം പേര്‍

പള്ളുരുത്തി: ചെല്ലാനം തീരമേഖലയില്‍ കടലിന്റെ കലി അടങ്ങുന്നില്ല. ഇന്നലെ ഉച്ചയോടെ തീരമേഖലയില്‍ കടല്‍ വീണ്ടും ശക്തമായി. മഴക്ക് അല്‍പ്പം ശമനം വന്നെങ്കിലും കടല്‍ക്കയറ്റം രൂക്ഷമായി തുടരുന്നത് തീരവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
രണ്ട് ക്യാംപുകളിലായി കഴിഞ്ഞ രണ്ടായിരത്തോളം പേരില്‍ ആയിരംപേര്‍ ഇന്നലെ വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ ക്യാംപില്‍ ആയിരംപേര്‍ മാത്രമാണ് തുടരുന്നത്. മഴക്ക് ശമനമുണ്ടായാല്‍ മാലിന്യങ്ങള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ നീക്കം ചെയ്യാനാണ് തീരുമാനം. ആലപ്പുഴ ജില്ലാ കലക്ടറുമായി ആലോചിച്ച് അന്ധകാരനഴി തുറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അന്ധകാരനഴി തുറന്നാല്‍ ചെല്ലാനത്തെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരമാവും.
കടല്‍ രൂക്ഷമായി തുടരുന്നത് മൂലം വീടുകളില്‍ പലതും ഇപ്പോഴും വെള്ളത്തിലാണ്. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ കടല്‍ക്കയറ്റവും ശക്തമായ കാറ്റും തുടരുകയാണ്.
ചെല്ലാനത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. ചെല്ലാനം ലിയോ പബ്ലിക്ക് സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍ എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കാണ് ദുരിതാശ്വാസ ക്യാംപിന്റെ ചുമതല. വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളിലും പരിസര പ്രദേശങ്ങളിലുമെല്ലാം ചെളി നിറഞ്ഞ് കിടക്കുന്ന സാഹചര്യമാണ്.

RELATED STORIES

Share it
Top