കടലാഴങ്ങളിലേക്കു താഴ്ന്നുപോയപ്പോള്‍ രക്ഷകരായി അവരെത്തി

പൊന്നാനി: ജീവന്റെ അവസാന ശ്വാസവും നിലച്ച് കൈകള്‍ തളര്‍ന്ന് കാലുകള്‍ കുഴഞ്ഞ് കടലാഴങ്ങളിലേയ്ക്കു താഴ്ന്നുപോവുമ്പോഴാണ് അമ്പത്തൊന്നുകാരനായ പരീച്ചിന്റെ പുരക്കല്‍ ഹംസയുടെ കൈകള്‍ ദൈവത്തിന്റെ കൈകള്‍ വാരിയെടുത്തത്. കണ്ണിലെ അവസാന കാഴ്ച കൂടെയുണ്ടായിരുന്ന സുഹൃത്ത് വളപ്പില്‍ കാസിം കടലിലേയ്ക്കു താഴ്ന്നുപോവുന്നതാണ്.
ജീവിതം അവസാനിച്ചുവെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് രക്ഷകരുടെ വേഷത്തില്‍ പൊന്നാനി സ്‌കോളര്‍ കോളജിലെ അധ്യാപകനായ കബീര്‍, സുഹൃത്തുക്കളായ ശിഹാബ്, സലിം, ജാഫര്‍, അന്‍സാര്‍ എന്നിവര്‍ മറ്റൊരു ബോട്ടില്‍ കടലിലെത്തിയത്. കടല്‍ പ്രക്ഷുബ്ദമായിരുന്നെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഇവര്‍ കടലില്‍ പോയത്.
ഒരാഴ്ച മുമ്പ് ഇവിടെ മറ്റൊരു അപകടത്തില്‍ ഒരു മല്‍സ്യത്തൊഴിലാളി മരണപ്പെട്ടിരുന്നു.  ദൂരെ കടലില്‍ പാതി മുങ്ങിയ ഒരു ഫൈബര്‍ വള്ളത്തിന്റെ പുറത്ത് താഴ്ന്നുപോവുന്ന കൈകള്‍ കണ്ടാണ് ഫിഷറീസ് റെസ്‌ക്യു പ്രവര്‍ത്തകരായ ശിഹാബ്, സലിം, ജാഫര്‍, അന്‍സാര്‍ എന്നിവര്‍ കടലിലേയ്ക്കു കുതിച്ചത്.
ഒപ്പം അധ്യാപകനായ കബീറും. ഒരു നിമിഷം ഇവര്‍ വൈകിയിരുന്നെങ്കില്‍ മൂന്നു പേരും കടലില്‍ താഴ്ന്നുപോകുമായിരുന്നു. ഹംസയെ രക്ഷപ്പെടുത്തിയപ്പോഴാണ് കുറച്ചകലെ മുങ്ങിത്താഴുന്ന സിറാജിനെ കിട്ടിയത്. തൊട്ടടുത്ത് ശബ്ദിക്കാന്‍ പോലും കഴിയാതെ നാല്‍പത്തഞ്ചുകാരനായ ഇബ്രാഹീംകുട്ടിയെയും. ഏറെ സാഹസപ്പെട്ടാണ് ഇവരെ ബോട്ടിലേയ്ക്കു വലിച്ചു കയറ്റിയത്.
പലര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നു. മുങ്ങിത്താഴ്ന്ന കാസിമിനുവേണ്ടി ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിശ്വസിച്ച ജിവിതം തിരികെ ലഭിച്ച സന്തോഷത്തിലാണ് മല്‍സ്യത്തൊഴിലാളികള്‍. പക്ഷേ, കൂട്ടത്തിലുള്ള കാസിമിനെ നഷ്ടപ്പെട്ടത് ഇപ്പോഴും ഇവര്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല.

RELATED STORIES

Share it
Top