കടലാക്രമണ കാരണം അശാസ്ത്രീയ ഭിത്തി നിര്‍മാണമെന്ന് നിരീക്ഷണം

പൊന്നാനി: പൊന്നാനി തീരത്ത് കടലാക്രമണം രൂക്ഷമാവുമ്പോള്‍ അശാസ്ത്രീയ കടല്‍ ഭിത്തി നിര്‍മാണമാണ്  കാരണമെന്നാണ് തീരവാസികളുടെ നിരീക്ഷണം. കേരളത്തില്‍ കടലിന്റെ കിടപ്പനുസരിച്ച് ചെറുതും വലുതുമായ പുലിമുട്ടുകളാണ് ആവശ്യമെന്ന് ഇവര്‍ക്കൊപ്പം വിദഗ്ധരും പറയുന്നു. തീര സുരക്ഷയ്ക്ക് പരിഹാരം കടല്‍ ഭിത്തിയാണെന്ന് തലമുറകളായി വിശ്വസിച്ചിരിക്കുന്നത്. കൂറ്റന്‍ കരിങ്കല്ലുകള്‍ കൂട്ടത്തോടെ കടലിലേക്കിടുന്നതാണ് കേരള തീരത്തെ ഭിത്തി നിര്‍മാണം.
കടലിലിടുന്ന കരിങ്കല്ലെത്രയെന്ന് എണ്ണാനും അളക്കാനും ആരും വരില്ലെന്ന വിശ്വാസം ഉള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. കേരള തീര സംരക്ഷകരില്‍ ഒരു വിഭാഗവും തീരവാസികളെ പരിരക്ഷിക്കാനെന്ന പേരില്‍ മുറവിളികൂട്ടുന്നതില്‍ വലിയൊരളവും ഭിത്തി നിര്‍മാണത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇടുന്ന കല്ലിന്റെ അളവ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതിനനുസരിച്ചാണ്. പിന്നീട് ആരോപണമോ പരാതിയോ ഉയര്‍ന്നാല്‍ തെളിവെടുപ്പും പരിശോധനയും ഇത്തരം കടല്‍ ഭിത്തിയുടെ കാര്യത്തില്‍ അസാധ്യവുമാണ്. ഒരു കല്ലിന്റെ പലഭാഗത്തായി ഒന്നിലേറെ നമ്പറിട്ട് എണ്ണത്തില്‍ തട്ടിപ്പു നടത്തുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരോപണത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, ഇതേകുറിച്ച് അന്വേഷണം കൃത്യമായി നടത്താന്‍ ഏജന്‍സികള്‍ക്കായില്ലെന്നത് തിരിമറികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ബലം നല്‍കി. തിരയടിക്കുമ്പോഴേക്കും മുകളിലെ കല്ല് മറിഞ്ഞ് ആഴത്തിലേക്ക് പതിക്കും. ഇതോടെ പഴുതുകളുണ്ടാക്കി കടല്‍ തിരയിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങും.
ഇത്തരത്തില്‍ കടല്‍ഭിത്തിയും ഭേദിച്ചാണ് പൊന്നാനിയിലെ നൂറുകണക്കിന് കുടുംബങ്ങളിലേക്ക് കടല്‍ വെള്ളം ഇരമ്പിയെത്തുന്നത്. ഒന്നിനുമീതെ ഒന്നായി കരിങ്കല്ല് കടലിലേക്കിറക്കിയിടുന്നത് കടലിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നതിന് തുല്യമാണ്. കടലാക്രമണം ഉണ്ടാവുന്നിടമെല്ലാം തന്നെ കരിങ്കല്ല് അലക്ഷ്യമായിട്ട് തിരയെ തടയുന്ന ഭാഗങ്ങളാണ്. ഇതാണ് പൊന്നാനി തീരത്തെ ശാപവും. ഭിത്തിയുള്ള പ്രദേശങ്ങളിലെ കടലിലെ ആഴം തിട്ടപ്പെടുത്താനാന്‍ സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം. കടലിനെ ന്യൂനമര്‍ദ്ദ സമയത്ത് ഒരു തിരമാലയില്‍നിന്ന് അടുത്ത തിരമാലയുടെ സമയം ഒന്നു മുതല്‍ നാലു സെക്കന്റ് വരെയാണ്. വേനലിലാണെങ്കില്‍ ഇത് എട്ട് സെക്കന്റ് വരെയുമാണ്.ഈ സ്വാഭാവിക പ്രക്രിയയെ കരിങ്കല്ലിട്ട് തടയുന്ന കാലം വരെ തീരത്ത് ദോഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊന്നാനിയിലെ പല ഭാഗത്തും കടലില്‍നിന്ന് അരക്കിലോമീറ്ററിലധികം അപ്പുറത്ത് വീടു വച്ചവര്‍ പോലും ഇപ്പോള്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവരാണ്.
കേരളത്തിലെ മഹാഭൂരിഭാഗം തീരപ്രദേശങ്ങളും കടല്‍ഭിത്തി നിര്‍മിക്കാന്‍ അനുകൂലമായിടങ്ങളല്ല. ഇത്തരം തടസ്സങ്ങള്‍ കടലിന്റെ ഊര്‍ജത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുമെന്നാണ് ശാസ്ത്രം. കടലിനെ തടയാന്‍ കടലിന് തന്നെ കഴിയുമെന്നതും വാസ്തവമാണ്. കടലിന്റെ അടിത്തട്ടില്‍ തിരകള്‍ തീര്‍ക്കുന്ന ചെറുതും വലുതുമായ മണല്‍ തിട്ടകള്‍ തിരയുടെ ശക്തി താനെ കുറയുന്നതിന് വേണ്ടിയാണ്. തിരമാലകളും കാറ്റും കൊടുങ്കാറ്റും കടലിന് അനിവാര്യവും. പക്ഷേ, കടലിനെ അതിന്റെ വഴി തന്നെ വിടണമെന്ന് മാത്രം. പൊന്നാനിയിലെ അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണം മൂലം 15 വര്‍ഷത്തിനിടയില്‍ നഷ്ടപ്പെട്ടത് 10 ഏക്കര്‍ കര ഭൂമിയാണ്.

RELATED STORIES

Share it
Top