കടലാക്രമണം രൂക്ഷം : 50ഓളം വീടുകള്‍ ഭീഷണിയില്‍അമ്പലപ്പുഴ: അതിരൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് 50 ഓളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍.അമ്പലപ്പുഴ വടക്ക് പുറക്കാട് പഞ്ചായത്തുകളിലും വാടക്കല്‍ തീരത്തെ കടല്‍ഭിത്തി ഇല്ലാത്തതും കടല്‍ ഭിത്തി തകര്‍ന്നതുമായ പ്രദേശങ്ങളിലാണ് കടലാക്രമണം അതിരൂക്ഷമായിരിക്കുന്നത്. ഒരാഴ്ചയായി നേരിയ തോതിലുണ്ടായിരുന്ന കടല്‍ക്ഷോഭം ബുധനാഴ്ച രാത്രിയോടെയാണ് ശക്തമായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 1,15, 16 വാര്‍ഡുകളായ വളഞ്ഞവഴി നീര്‍ക്കുന്നം വണ്ടാനം പ്രദേശങ്ങളില്‍ കടല്‍ കലിതുള്ളിയതോടെ 40ഓളം വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്.ഒന്നാം വാര്‍ഡില്‍ പുതുവല്‍ കുഞ്ഞുമോള്‍, പ്രഭ, ബാലചന്ദ്രന്‍ 15-ാം വാര്‍ഡില്‍ ഉണ്ണികൃഷ്ണന്‍, രഘു, പുതുവല്‍ രമണന്‍ 16-ാം വാര്‍ഡില്‍ പുതുവല്‍ ദേവരാജന്‍ എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. പുറക്കാട് പഞ്ചായത്തില്‍ 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍കോയിക്കല്‍ പുതുവല്‍ സംഗീത, മുരളി, രജി, ശശികല, രാജേശ്വരി, അനില്‍, കുഞ്ഞുമോന്‍, ശ്രീദേവി എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്. വെളളം കയറി വീടുകള്‍ വാസയോഗ്യമല്ലാതായെങ്കിലും വീട്ടുകാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ തയാറായിട്ടില്ല.ബന്ധുവീടുകള്‍, അയല്‍ വീടുകള്‍ എന്നിവിടങ്ങളിലേക്കാണ് താല്‍ക്കാലികമായി ഇവര്‍ അഭയം തേടിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് വാടക്കല്‍ തീരത്ത് കടലേറ്റം ശക്തമായത്.മീറ്ററുകളോളം കടല്‍ വെള്ളം കരയിലേക്ക് ഇരച്ചുകയറി. 50 ഓളംവീടുകളില്‍ വെള്ളം കയറി. മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നശിച്ചു.തീരദേശ റോഡിലേക്ക് വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. പിന്നീട് ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം വെള്ളം വറ്റിക്കുകയായിരുന്നു. വറുതിയിലായിരിക്കുന്ന തീരദേശത്ത് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണം മല്‍സ്യതൊഴിലാളികള്‍ക്ക് ഇരുട്ടടി ആയിരിക്കുകയാണ്. വണ്ടാനം മുതല്‍ വളഞ്ഞവഴി വരെ 60 മീറ്ററോളം കടല്‍ഭിത്തിയില്ലാത്തതിനാല്‍ ഈ ദേശത്ത് കടല്‍ക്ഷോഭം നിത്യസംഭവമാണ്. മാറി മാറി വന്ന സര്‍ക്കാറുകള്‍ ഇവിടെ കടല്‍ഭിത്തി നിര്‍മാണത്തിനായി എസ്റ്റിമേറ്റെടുത്ത് മടങ്ങാറുണ്ടെങ്കിലും ഇതുവരെ കടല്‍ഭിത്തി യാഥാര്‍ഥ്യമായിട്ടില്ല.വിവിധ കാലങ്ങളില്‍ കടലാക്രമണങ്ങളില്‍ വീടും സ്ഥലവും നഷ്ടപെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ ഇതുവരെ പുനരധിവാസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top