കടമ്പോട് -തേമാലി പ്രദേശങ്ങളെ ബന്ധിപ്പിച്ച പുതിയ പാലം വരുന്നു

കൊടകര: മറ്റത്തൂരിലെ മലയോര ഗ്രാമമായ കടമ്പോട് പ്രദേശത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനായി പുതിയ പാലം നിര്‍മാണത്തിന് നടപടിയായി. വെള്ളിക്കുളം വലിയ തോടിനു കുറുകെയാണ് കടമ്പോട് തേമാലി പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പാലം നിര്‍മ്മിക്കുന്നത്. മറ്റത്തൂര്‍ പഞ്ചായത്തിലെ 12, 14 വാര്‍ഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് നിര്‍ദ്ദിഷ്ട പാലം.
കടമ്പോട് മൂപ്പത്താഴത്ത് ഇപ്പോഴുള്ള നടപ്പാലത്തിനു സമീപമാണ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി പുതിയ പാലം നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങികഴിഞ്ഞു. കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന കടമ്പോട് പ്രദേശത്തുനിന്ന് കോടാലി സ്വാശ്രയ കര്‍ഷക ചന്തയിലേക്ക് എളുപ്പത്തില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുവാന്‍ നിര്‍ദ്ദിഷ്ട പാലം സഹായകരമാകുമെന്ന് പഞ്ചായത്തംഗം പി എസ് അംബുജാക്ഷന്‍ പറഞ്ഞു. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്ന തരത്തിലുള്ള വീതിയേറിയ പാലം മൂപ്പത്താഴത്ത് നിര്‍മ്മിക്കണമെന്നത് കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു.
നിലവിലുള്ള നടപ്പാലത്തിന്റെ ഇരുവശത്തും റോഡുകള്‍ ഉണ്ടെങ്കിലും നടപ്പാലത്തിലൂടെ ഓട്ടോറിക്ഷ പോലും കടന്നുപോകാത്തതിനാല്‍ വേണ്ടത്ര പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല. പുതിയ പാലം വരുന്നതോടെ കടമ്പോട് സ്‌കൂള്‍ പരിസരത്തു താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് എളുപ്പത്തില്‍ കോടാലി, കിഴക്കേ കോടാലി എന്നിവിടങ്ങളിലെത്തിച്ചേരാനാകും.

RELATED STORIES

Share it
Top