കടത്തുവള്ളം സര്‍വീസ് നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി

പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി ചുടുകാട്ടുംപുറം ഉളവയ്പ് ഫെറിയില്‍ പഞ്ചായത്തിന്റെ കടത്തുവള്ളം സര്‍വീസ് നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. മാസങ്ങളായി സര്‍വീസ് നിലച്ചുകിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. തൈക്കാട്ടുശ്ശേരിയുടെ വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉളവയ്പിലേക്ക് എളുപ്പം എത്താന്‍ കഴിയുന്ന ഫെറിയാണ് ഇത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെതന്നെ ഭാഗമായ ഉളവയ്പിലെ ജനങ്ങള്‍ക്ക് തൈക്കാട്ടുശ്ശേരിയുടെ പ്രധാനസ്ഥലങ്ങളിലേക്ക് എത്താനും എളുപ്പമാര്‍ഗം ഈ ഫെറിയാണ്. ഉളവയ്പിലെ കുട്ടികള്‍ക്ക് തൈക്കാട്ടുശ്ശേരിയിലെ സ്‌കൂളുകളിലെത്തി പഠിക്കണമെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ നേരം യാത്ര ചെയ്യേണ്ട സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വകാര്യവള്ളം മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ. വള്ളം അടുപ്പിക്കുന്നതിന് സ്ഥലമില്ല എന്നത് പ്രശ്‌നമായി തീര്‍ന്നിരിക്കുകയാണ്.പഞ്ചായത്തുസ്ഥലത്ത് വള്ളം അടുപ്പിക്കാന്‍ സ്ഥലമുണ്ടെങ്കിലും ആ പ്രദേശത്ത് കായലില്‍ പോളപ്പായല്‍ കുന്നുപോലെ കിടക്കുകയാണ്. അത് വാരിമാറ്റിയാലേ വള്ളം അടുപ്പിക്കാന്‍ സാധിക്കൂ. കടത്ത് സര്‍വീസ് എത്രയുംവേഗം പുനസ്ഥാപിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top