കടത്തനാട്ടില്‍ നിന്ന് ഏഷ്യയിലേക്കുള്ള കുതിപ്പ് തൊട്ടറിഞ്ഞു നിക്ക് ഉട്ട്‌

വടകര: ഏഷ്യയിലെ നമ്പര്‍ വണ്‍ തൊഴിലാളി സഹകരണ സംഘത്തെ തൊട്ടറിഞ്ഞ് ലോക പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക്ക് ഉട്ട്. ഇന്നലെയാണ് തൊഴിലാളി സഹകരണ സംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ അദ്ദേഹം എത്തിയത്. ഈ സംഘത്തെ കുറിച്ച് അറിഞ്ഞതിനാലാണ് അദ്ദേഹം ഇവിടെ സന്ദര്‍ശിച്ചത്. സൊസൈറ്റിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും നിക്ക് ഉട്ട് കണ്ടു. ഒരു തൊഴിലാളി സഹകരണ സംഘത്തിന് ഇത്രയും വളര്‍ച്ച ഉണ്ടായതില്‍ അത്ഭുതപ്പെടുന്നതായി നിക്ക് ഉട്ട് പറഞ്ഞു.
അധ്വാനത്തിന്റെ പ്രതീകമായി ഊരാളുങ്കല്‍ സൊസൈറ്റിയില്‍ സ്ഥാപിച്ച ഹാന്‍ഡ് റോളര്‍ വലിക്കുന്ന തൊഴിലാളികളുടെ ശില്‍പ്പവും വാഗ്ഭടാനന്ദ ഗുരു ദേവന്റെ പ്രതിമയും നിക്ക് ഉട്ട് കാമറയില്‍ പകര്‍ത്തി. അര മണിക്കൂറോളം സൊസൈറ്റിയില്‍ തങ്ങിയ ഇദ്ദേഹം സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങല്‍ സര്‍ഗാലയയും സന്ദര്‍ശിച്ചു. യുഎല്‍സിസിഎസ് പ്രസിഡന്റ് രമേശന്‍ പാലേരി നിക്ക് ഉട്ടിനെ ഷാള്‍ അണിയിച്ചു. മാനേജിങ് ഡയറക്റ്റര്‍ എസ് ഷാജു, ഡയറക്റ്റര്‍ എം പത്മനാഭന്‍, അസിസ്റ്റന്റ് സെക്രട്ടറി കെപി ഷാജു, പാലേരി മോഹനന്‍, അഭിലാഷ് ശങ്കര്‍, ഡോ. ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

RELATED STORIES

Share it
Top