കടകളിലെ കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

വളപട്ടണം: നാഷനല്‍ പെര്‍മിറ്റ് ലോറിയിലെത്തി റോഡരികിലെ സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേരെ വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് കാശിനാഥ്(30), മധുകര്‍ ഷിന്‍ഡെ(45) എന്നിവരെയാണ് എസ്‌ഐ ലതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് ഗ്യാസ് കട്ടര്‍, കൈയുറ, ആക്‌സോ ബ്ലേഡിന്റെ ഫ്രെയിം, ഗ്യാസ് സ്റ്റൗ എന്നിവ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തില്‍ ദേശീയപാതയില്‍ കാണപ്പെട്ട ഇവരെ പോലിസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. ഇരുവരും ലോറി ഡ്രൈവര്‍മാരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ചരക്കുകയറ്റി കേരളത്തിലെത്തുന്ന ഇവര്‍ ചരക്കിറക്കി മടങ്ങുന്ന വഴിമധ്യേയാണ് കവര്‍ച്ച നടത്തുന്നത്. റോഡരികില്‍ ലോറി നിര്‍ത്തിയിട്ട് സമീപം കിടന്നുറങ്ങിയ ശേഷം സമീപത്തൊന്നും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം കവര്‍ച്ച നടത്തുകയാണ് പതിവ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയ ശേഷം സാധനങ്ങളുമായി രക്ഷപ്പെടും. കീച്ചേരിയിലെ ഒരു തട്ടുകട കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് മോഷ്ടിച്ചതാണ് ഇവരില്‍ നിന്ന് കണ്ടെടുത്ത ഗ്യാസ് സ്റ്റൗ. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തട്ടുകടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നെങ്കിലും അവിടെ സ്റ്റൗ മാത്രമാണ് ഉണ്ടായിരുന്നത്.

RELATED STORIES

Share it
Top