കടകംപള്ളിക്ക് എതിരായ അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: അനര്‍ട്ട് ഡയറക്ടര്‍ നിയമനക്കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു. അനര്‍ട്ട് ഡയറക്ടര്‍ നിയമനത്തില്‍ മന്ത്രിക്കെതിരേ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ റിപോ ര്‍ട്ട് നല്‍കി. ചട്ടങ്ങള്‍ മറികടന്ന് അനര്‍ട്ട് ഡയറക്ടറായി ആ ര്‍ ഹരികുമാറിനെ നിയമിച്ചെന്ന കേസിലാണ് കടകംപള്ളിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. നിയമനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്രമക്കേട് നടത്തിയതിനു തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നാണ് വിജിലന്‍സ് പക്ഷം. എന്നാല്‍, അനര്‍ട്ടിലെ നിയമനങ്ങള്‍ക്കു കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. അല്ലെങ്കില്‍, നിയമനം പൂര്‍ണമായും പിഎസ്‌സിക്കു വിടണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നുണ്ട്.  ചീഫ് സെക്രട്ടറി, ഊര്‍ജ സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവര്‍ നടത്തേണ്ട അനര്‍ട്ട് ഡയറക്ടര്‍ നിയമനം മന്ത്രി നേരിട്ടു നടത്തിയെന്ന് കോവളം എംഎല്‍എ എം വിന്‍സെന്റാണ് വിജിലന്‍സിനു പരാതി നല്‍കിയത്. ഊര്‍ജ സുരക്ഷാ മിഷനുമായി ബന്ധപ്പെട്ട് 2007ല്‍ അനെര്‍ട്ട് നടപ്പാക്കിയ ടെസം പ്രോജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  ഈ ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നതിനിടെയാണ് ഹരികുമാറിനെ അനെര്‍ട്ട് ഡയറക്ടറായി മന്ത്രി നേരിട്ട് നിയമിച്ചത്. കൂടാതെ ഹരികുമാറിന് അനധികൃത നിയമനം നല്‍കി നാലു ദിവസം കഴിഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്ടര്‍ക്കു വേണ്ട നിശ്ചിത പ്രായ പരിധിപോലും പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് ആദ്യം വിജിലന്‍സി ല്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷിക്കാ ന്‍ കൂട്ടാക്കിയില്ലെന്നു ചൂണ്ടിക്കാണിച്ചു പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.45 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഒമ്പതുമാസം കൊണ്ടാണു വിജിലന്‍സ് ഇപ്പോള്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് പ്രത്യക യൂനിറ്റ് എസ്പി കെ ജയകുമാറിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

RELATED STORIES

Share it
Top