കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം നിലപാട് മാറ്റണം: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ റെയില്‍ ഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ജനാധിപത്യ വ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്ത വിവേചനവും അവഗണനയുമാണ് കേരളത്തോടു കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്നു ധര്‍ണ ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 36 വര്‍ഷത്തെ വാഗ്ദത്ത ലംഘനത്തിന്റെ ഭാഗമാണു കേന്ദ്ര നിലപാട്. 1982ലാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കുമെന്നു പ്രഖ്യാപിച്ചത്. പിന്നീട് ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ നിരന്തര ആവശ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദഫലമായി 2008ലെ ബജറ്റില്‍ പാലക്കാടും റായ്ബറേലിയും കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. റായ്ബറേലി കോച്ച് ഫാക്ടറിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. പക്ഷേ, പാലക്കാടിന്റെ കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. ആശ്ചര്യകരമായ സമീപനമാണു റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായത്. 900ല്‍ അധികം ഏക്കര്‍ ഭൂമി പദ്ധതിക്കു വേണമെന്നു റെയില്‍വേ അറിയിച്ചതിനെത്തുടര്‍ന്നു ഭൂമി ഏറ്റെടുക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. പക്ഷേ, റെയില്‍വേ നിലപാട് മാറ്റി. പദ്ധതി സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെയാണു നടപ്പാക്കുന്നതെന്ന നയം സ്വീകരിച്ചു. സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുകയാണെങ്കില്‍ സൗജന്യമായി ഭൂമി നല്‍കാനാവില്ലെന്നും വില നല്‍കണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അതോടെ, 230 ഏക്കര്‍ ഭൂമി മതിയെന്നു റെയില്‍വേ പറഞ്ഞു. ആ ഭൂമി റെയില്‍വേ വാങ്ങി. പക്ഷേ, ഇതിനു ശേഷം ഒരു നടപടിയും സ്വീകരിച്ചില്ല.
പദ്ധതി സംബന്ധിച്ചു സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ അഭിപ്രായവും സ്വീകരിച്ചില്ല. ഇപ്പോള്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് പദ്ധതിയില്‍ പങ്കുചേരാന്‍ തയ്യാറാണെന്നു പറഞ്ഞു മുന്നോട്ടുവന്നെങ്കിലും പുതിയ റെയില്‍വേ കോച്ചുകള്‍ ഇനി വേണ്ടെന്നും അതിനാല്‍ പാലക്കാട് കോച്ച് ഫാക്ടറി മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയില്ലെന്നുമുള്ള വിചിത്ര നിലപാടാണു റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top