കഞ്ചിക്കോട് കോച്ച് ഫാക്ടറി മാറ്റാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണംതിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട്ടെ നിര്‍ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് 2008-09ലെ റെയില്‍വേ ബജറ്റില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. 2012 ഫെബ്രുവരി 22ന് ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. എന്നാല്‍, ഇതിനുശേഷം കേന്ദ്ര സര്‍ക്കാരോ, റെയില്‍വേയോ പദ്ധതിയുടെ നിര്‍മാണം തുടങ്ങാന്‍ തയ്യാറായില്ല. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷവും കഞ്ചിക്കോട് ഫാക്ടറിയോടുള്ള അവഗണന തുടരുകയായിരുന്നു. ഇപ്പോഴാവട്ടെ, കേരളത്തെ പൂര്‍ണമായി അവഗണിച്ച് കോച്ച് ഫാക്ടറി ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് കൊണ്ടുപോവാനാണ് നീക്കം.  കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top