കഞ്ചിക്കോട്ടെ ഇഎസ്‌ഐ ആശുപത്രി സര്‍ക്കാര്‍ നടപടികള്‍ കടലാസിലൊതുങ്ങുന്നു

കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ കേന്ദ്രമായ കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ സ്ഥലമനുവദിച്ചാല്‍ ഇഎസ്‌ഐ ആശുപത്രി സ്ഥാപിക്കാന്‍ സന്നദ്ധമാണെന്നു ഇഎസ്‌ഐ കോര്‍പറേഷനറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ മുഖം തിരിക്കുന്നതായി ആരോപണം. വ്യവസായ മേഖലയില്‍ രണ്ടേക്കര്‍ സ്ഥലമനുവദിച്ചാല്‍ ആധുനിക രീതിയിലുള്ള ആശുപത്രി നിര്‍മിക്കാമെന്ന് അറിയിച്ചാണ് രണ്ടും വര്‍ഷം മുമ്പ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സര്‍ക്കാരിനു കത്ത് നല്‍കിയത്. ഇതിനായുള്ള ഭൂമിക്കുവില നല്‍കാന്‍ തയ്യാറാണെന്നും അന്ന് ഇഎസ്‌ഐ കോര്‍പറേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും മറുപടി ലഭിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആശുപത്രിക്കായി ഒരേക്കര്‍ സ്ഥലമനുവദിച്ചാല്‍ തന്നെ ആറു കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാമെന്നു കോര്‍പ്പറേഷന്‍ അംഗം അറിയിച്ചിരുന്നു. കഞ്ചിക്കോട്ടെ  സ്വകാര്യ കമ്പനികള്‍ ചേര്‍ന്നു സ്ഥലം നല്‍കിയാലും ആശുപത്രി സ്ഥാപിക്കാനാവും.
30000ത്തോളം സ്ഥിരം തൊഴിലാളികളുള്ള കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ ആകെയുള്ളത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറിയൊരു ഡിസ്‌പെന്‍സറി മാത്രമാണ്. ഇവിടെയാകട്ടെ സ്ഥിരം ഡോക്ടര്‍മാരില്ലാത്തതും ജീവനക്കാരുടെ കുറവും പലപ്പോഴും അസുഖവുമായെത്തുന്നവരെ ദുരിതത്തിലാക്കുകയാണ്. ഇതിനാല്‍ ഇവര്‍ ചികില്‍സയ്ക്കായി 25 കിലോമീറ്റര്‍ അകലെയുള്ള ഒലവക്കോട്ടെ ജൈനിമേട്ടിലെ ഇഎസ്‌ഐ ആശുപത്രിയിലെത്തണം. ഇതര സംസ്ഥാനത്തൊഴിലാളികളാണ് കൂടുതലായും വ്യവസായ മേഖലയിലുള്ളതെന്നിരിക്കെ ഇവരുടെ കുടുംബംഗങ്ങളെ കൂടി കണക്കാക്കിയാല്‍ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് ഇഎസ്‌ഐ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നുണ്ട്.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇഎസ്‌ഐ ആശുപത്രി ആരംഭിച്ചാല്‍ ജൈനിമേട്ടിലെ ആശുപത്രിയിലെ തിരക്കു കുറയുമെന്നതും ഇത്രയും ദൂരം സഞ്ചരിച്ചു ചികില്‍സ തേടേണ്ട സ്ഥിതിയില്‍ നിന്നും മാറ്റവും വരുമെന്നിരിക്കെ ആശുപത്രിക്കായി കാത്തിരിക്കുകയാണ് നിരവധി കുടുംബങ്ങള്‍. കാലങ്ങളായി വ്യവസായ മേഖലയിലെ ഇഎസ്‌ഐ ആശുപത്രി വേണമെന്ന ആവശ്യത്തിന് പച്ചക്കൊടിയാവുമ്പോഴും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടയ്ക്കുന്നതാണ് വ്യവസായ മേഖലയിലെ ഇഎസ്‌ഐ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളാന്‍ കാരണമാവുന്നത്.

RELATED STORIES

Share it
Top