കഞ്ചാവ് ലഹരിയില്‍ യുവാവ് അഴിഞ്ഞാടി; മൂന്ന് പേര്‍ക്ക് വേട്ടേറ്റു

പത്തനാപുരം:കഞ്ചാവ് ലഹരിയില്‍ മൂന്നുപേരെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് മൂന്ന് വാഹനങ്ങളും തകര്‍ത്തു. പത്തനാപുരം കുണ്ടയം തെക്കുവിളയില്‍ ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പുത്തന്‍പുര തെക്കേതില്‍ മാര്‍ഷല്‍ എന്ന ചിമ്പു (28)വാണ് കഞ്ചാവ് ലഹരിയില്‍ പ്രദേശത്ത് അഴിഞ്ഞാടിയത്. ആക്രമണത്തില്‍ പരിക്കേറ്റ തെക്കുവിള തെങ്ങുവിള വീട്ടില്‍ രതീഷ് എസ് നായര്‍ (35), ഐഷാ മന്‍സിലില്‍ ഷാജി (37), ഷെജി മന്‍സിലില്‍ ഷെജീര്‍ (32) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാള്‍ കൊണ്ടുള്ള വേട്ടേറ്റ് ഷാജിയുടെ ഇടത്തെ കൈയിലെ ഒരു വിരള്‍ അറ്റുപോയി. ഇയാള്‍ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെജീര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. കൂടാതെ ലോട്ടറി വില്‍പ്പന തൊഴിലാളിയായ ഷാജിയുടെ ഇരുചക്രവാഹനം കത്തിക്കുകയും ഷെജീറിന്റെ ഉടമസ്ഥതയിലുളള ടെംപോ ട്രാവലറിന്റെയും ആദംകോട് സ്വദേശി ബിജുവിന്റെ ടിപ്പറിന്റെയും ചില്ലുകളും മാര്‍ഷല്‍ എറിഞ്ഞു തകര്‍ത്തു. അഗ്‌നിക്കിരയാക്കിയ ഇരുചക്രവാഹനത്തില്‍ രണ്ട് ലക്ഷത്തോളം രൂപയും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.കുന്നിക്കോട് സ്വദേശിയായ മാര്‍ഷല്‍ നാല് മാസം മുമ്പാണ് കുണ്ടയം തെക്കുവിള പ്രദേശത്ത് താമസത്തിന് എത്തിയത്. ഇയാളുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നു വന്നിരുന്നതായും ആക്ഷേപമുണ്ട്. പ്രദേശത്ത് അപരിചിതരായ യുവാക്കളുടെ സാനിധ്യവും പതിവായിരുന്നു. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിലുളള വിരോധത്താലാണ് ഇയാള്‍ അതിക്രമം നടത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. അക്രമത്തിന് ഉപയോഗിച്ച വടിവാള്‍ പോലിസ് സ്ഥലത്ത് നിന്നും കണ്ടെടുത്തു. പത്തനാപുരം സിഐ അന്‍വറിനാണ് അന്വേഷണ ചുമതല.

RELATED STORIES

Share it
Top