കഞ്ചാവ് മാഫിയ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുആര്‍പ്പുക്കര(കോട്ടയം):റെയ്ഡിനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ   എട്ടംഗ കഞ്ചാവ് മാഫിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രിവന്റീവ് ഓഫിസര്‍ അടക്കം മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കോട്ടയത്തിനടുത്ത് ആര്‍പ്പൂക്കരയിലാണ് എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയായുടെ ആക്രമണവും കുരുമുളക്‌പൊടി സ്‌പ്രേ പ്രയോഗവും ഉണ്ടായത്. അക്രമണത്തിന് ഇരയായ ഏറ്റുമാനൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ആര്‍പ്പുക്കര വില്ലൂന്നി കളത്തില്‍ കെ ആര്‍ വിനോദ് (45), ഗാഡ്മാരായ ശ്രീകാന്ത് (30), ജക്‌സി ജോസഫ് (45) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്രസിദ്ധ കുറ്റവാളി അലോട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. അക്രമി സംഘത്തിലെ ഒരാളെ മല്‍പിടിത്തത്തിലൂടെ കസ്റ്റഡിയില്‍ എടുത്തു.
ആര്‍പ്പൂക്കര പനമ്പാലം ചക്കിട്ടപറമ്പില്‍ അഖില്‍രാജ് (21) ആണ് പിടിയിലായത്. മല്‍പ്പിടുത്തത്തിനിടയില്‍ നെറ്റിയില്‍ മുറിവേറ്റ അഖില്‍ രാജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന്  ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന് പിന്നിലുള്ള അലോട്ടി എന്ന ഗുണ്ടാ നേതാവിന്റെ വീട്ടിലായിരുന്നു സംഭവം. അലോട്ടിയുടെ വീട്ടില്‍ വന്‍ തോതില്‍ കഞ്ചാവ് ശേഖരിച്ചിരിക്കുന്നതായും കച്ചവടം  നടക്കുന്നതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂരില്‍ നിന്നുള്ള എക്‌സ്‌സൈസ്  സംഘം പരിശോധനയ്ക്ക് എത്തുകയായിരുന്നു. വീടിനുള്ളില്‍ റെയ്ഡ് നടക്കവേ താഴെ വീണ മൊബൈല്‍ എടുക്കാനെന്ന വ്യാജേന കുനിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് പൊടി സ്‌പ്രേ എടുത്ത് ഉദ്യോഗസ്ഥരുടെ നേരെ പ്രയോഗിക്കുകയായിരുന്നു. കൊലപാതക ശ്രമം ഉള്‍പ്പെടെ ഒട്ടനവധി കേസുകളില്‍  പ്രതിയായിട്ടുള്ള അലോട്ടിയുടെ നേതൃത്വത്തില്‍ എട്ടു പേരോളം അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. കണ്ണിലും ചെവിയിലും ശരീരത്തിലും കുരുമുളക് സ്‌പ്രേ ചെയ്തശേഷം ഉദ്യോഗസ്ഥരെ വടികൊണ്ട് അടിച്ചതായും എക്‌സൈസ് സംഘാംഗങ്ങള്‍ പറയുന്നു.

RELATED STORIES

Share it
Top