കഞ്ചാവ് -ഗുണ്ടാ മാഫിയക്ക് ഒത്താശ ചെയ്യുന്നത് ബിജെപി : സിപിഎംകേച്ചേരി: കേച്ചേരി-മണലി മേഖലയില്‍ കഞ്ചാവ്-ഗുണ്ടാ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നത് ആര്‍എസ്എസ്-ബിജെപി നേതൃത്വമാണെന്ന് സിപിഎം. മേഖലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്ന ഗുണ്ടാ സംഘങ്ങളേയും ഇവരെ സംരക്ഷിക്കുന്ന ആര്‍എസ്എസിേനയും ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും സിപിഎം കേച്ചേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കഞ്ചാവ് സംഘങ്ങള്‍ അഴിഞ്ഞാടി ജനജീവിതത്തിന് ഭീഷണിയായി മാറിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ മാരകായുധങ്ങളുമായാണ് സംഘം അക്രമണം നടത്തിയത്. സംഘത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇവരെ സംരക്ഷിക്കാന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ രംഗത്ത് വന്നതിനെതിരേയാണ് സിപിഎം ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പറപ്പൂക്കാവില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത പോലിസിനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് കഞ്ചാവ് മാഫിയ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. പാതിരാത്രിയില്‍ ഈ സംഘങ്ങള്‍ക്കു വേണ്ടി പോലിസ് സ്‌റ്റേഷനില്‍ പോയതും ബിജെപി നേതാക്കളായിരുന്നു.

RELATED STORIES

Share it
Top