കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമം: പ്രതികളുമായി തെളിവെടുത്തു

ശ്രീകണ്ഠപുരം: വ്യക്തിവിരോധം തീര്‍ക്കാന്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ കഞ്ചാവ് കൊണ്ടുവച്ച് ഗൃഹനാഥനെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി. വയത്തൂര്‍ കാലാങ്കിയിലെ തെക്കേമുറിയില്‍ സണ്ണി വര്‍ഗീസ് (49), നുച്യാട് അലവിക്കുന്നിലെ പി എല്‍ റോയി (38) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്്ടര്‍ നൗഷാദ് രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇരിട്ടി സെമിനാരി വികാരിയായിരുന്ന മാട്ടറ കാലാങ്കി സ്വദേശി ഫാദര്‍ ജെയിംസിന്റെ സഹോദരനാണ് സണ്ണി വര്‍ഗീസ്. ഫാദര്‍ ജെയിംസ് പ്രതിയായ പീഡനക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് ചാപ്പക്കടവിലെ ജോസഫായിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കാനാണ് കഞ്ചാവ് കൊണ്ടുവച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. ജോസഫിന്റെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തിലാണ് നിജസ്ഥിതി ബോധ്യപ്പെട്ടത്. കഴിഞ്ഞ 15ന് സണ്ണി വര്‍ഗീസിനയെും റോയിയെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ജോസഫിന്റെ ചാപ്പക്കടവിലെ വസതിയിലും റോയിയുടെ വീട്ടിലും കൊണ്ടുപോയി തെളിവെടുത്തു.

RELATED STORIES

Share it
Top