കഞ്ചാവ് കടത്ത് അറസ്റ്റിലായവരില്‍ ചെങ്ങന്നൂര്‍ ഗവ. ഐടിഐ എസ്എഫ്‌ഐ ചെയര്‍മാനും നേതാവും

ചെങ്ങന്നൂര്‍: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും മറ്റു മയക്കുമരുന്നുകളും കടത്തിയ കേസില്‍ നിരവധി പേര്‍ അറസ്റ്റിലായി. ഇവരില്‍ പ്രധാനി ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ എസ്എഫ്‌ഐ നേതാക്ക ള്‍. ചെങ്ങന്നൂര്‍ ഗവ. ഐടിഐ ചെയര്‍മാന്‍ മണ്ണാറശ്ശാല തുലാംപറമ്പ് നടുവത്ത് മുളവന പടീറ്റതില്‍ സൂരജ് (21), എസ്എഫ്‌ഐ ഐടിഐ യൂനിറ്റ് നേതാവ് അനന്തു ഭവനത്തില്‍ അനന്തു (21) എന്നിവരും മണ്ണാറശ്ശാല ചെമ്പകശ്ശേരില്‍ അരുണ്‍ (22) എന്ന യുവാവുമാണ് പോലിസ് പിടിയിലായത്.
കഴിഞ്ഞദിവസമാണ് ഹരിപ്പാട്ട് ഇവര്‍ അറസ്റ്റിലായത്. 20 ഗ്രാം വീതം തൂക്കംവരുന്ന കഞ്ചാവ് പൊതികള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച് കടത്തുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയുമായിരുന്നു ഇവരുടെ രീതി. തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്നും പിടിയിലായവര്‍ പോലിസിനോട് വെളിപ്പെടുത്തി. ജില്ലയില്‍ അടുത്തിടെ ഒമ്പത് യുവാക്കളെ എക്‌സൈസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മൂന്നുപേരും കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണെന്നും പോലിസ് വെളിപ്പെടുത്തി.
സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ സംഘം വലയിലാക്കിയതായും പോലിസ് പറയുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ആദ്യഘട്ടത്തില്‍ സൗജന്യമായാണ് കഞ്ചാവ് നല്‍കുന്നതെന്നും അടിമയായിക്കഴിഞ്ഞാല്‍ വന്‍ വില ഈടാക്കുന്നതായും പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാ ര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനം മറയാക്കി കഞ്ചാവ്, മയക്കുമരുന്ന് കച്ചവടം വ്യാപിപ്പിക്കുന്ന സംഘത്തിന്റെ അറസ്റ്റ് ചെങ്ങന്നൂരില്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായിട്ടുണ്ട്.

RELATED STORIES

Share it
Top